Site icon Newskerala

ലോകത്തിലെ ശതകോടീശ്വരനായ ആദ്യ ഫുട്‌ബോള്‍ താരമായി ക്രിസ്റ്റ്യാനോ, റിപ്പോർട്ട്

ലോകത്തിലെ ശതകോടീശ്വരനായ ആദ്യ ഫുട്‌ബോള്‍ താരമായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബ്ലൂംബര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം 1.4 ബില്ല്യണ്‍ ഡോളറാണ് ക്രിസ്റ്റിയാനോയുടെ ആസ്തി. സൗദി പ്രോ ക്ലബ്ബ് അല്‍ നസറുമായി പുതിയ കരാറിലേര്‍പ്പെട്ടതാണ് താരത്തെ ബില്ല്യണയര്‍ പട്ടികയിലെത്തിച്ചത്. ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒട്ടേറെ കായികതാരങ്ങള്‍ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്. മൈക്കേല്‍ ജോര്‍ദാന്‍, ടൈഗര്‍ വുഡ്‌സ്, ലെബ്രോണ്‍ ജെയിംസ്, റോജര്‍ ഫെഡറര്‍ എന്നിവര്‍ ബില്ല്യണയര്‍ പട്ടികയില്‍ നേരത്തേ ഇടംപിടിച്ചവരാണ്.

കരിയറില്‍ വിവിധ ക്ലബ്ബുകള്‍ക്കായി ബൂട്ടുകെട്ടയിട്ടുള്ള റൊണാള്‍ഡോ 2002 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 550 മില്ല്യണ്‍ ഡോളര്‍ സമ്പാദിച്ചതായാണ് ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ് എന്നീ യൂറോപ്യന്‍ ക്ലബ്ബുകളില്‍ പന്തുതട്ടിയ താരം 2023-ലാണ് സൗദി ക്ലബ്ബിലേക്ക് കൂടുമാറുന്നത്. ക്ലബ്ബുകളില്‍ നിന്ന് കിട്ടുന്ന പണത്തിന് പുറമേ വിവിധ കമ്പനികളുടെ പരസ്യത്തില്‍ നിന്നും റോണോയ്ക്ക് വരുമാനം ലഭിച്ചിരുന്നു. പോപ്പുലര്‍ ബ്രാന്‍ഡായ നൈക്കിമായുള്ള കരാറില്‍ ഏകദേശം 18 മില്ല്യണ്‍ ഡോളറാണ് പ്രതിവര്‍ഷം താരത്തിന് ലഭിച്ചത്. മറ്റു പരസ്യങ്ങളില്‍ നിന്നുമായി 175 മില്ല്യണ്‍ ഡോളറും പ്രതിഫലമായി ലഭിച്ചു.

അൽ നസറുമായുള്ള പുതിയ കരാര്‍ പ്രകാരം ഒരു വര്‍ഷം ക്രിസ്റ്റ്യാനോയ്ക്ക് 178 മില്ല്യണ്‍ പൗണ്ട് (2000 കോടി രൂപ) ലഭിക്കുമെന്നാണ് റിപ്പോർട്ട്. ക്ലബില്‍ 15% ഓഹരിയും താരത്തിനുണ്ട്. 33 മില്ല്യണ്‍ പൗണ്ട് മൂല്യം വരുന്നതാണിത്. സൈനിങ് ബോണസായി 24.5 മില്ല്യണ്‍ പൗണ്ട് ആദ്യ വര്‍ഷം ലഭിക്കും. രണ്ടാം വര്‍ഷം ഇത് 38 മില്ല്യണ്‍ പൗണ്ടായി ഉയരും.

അഞ്ചുവട്ടം ബലൻദ്യോർ പുരസ്കാരജേതാവായ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് 2022-ലാണ് സൗദി ക്ലബ്ബിലെത്തുന്നത്. ലോകത്തെ ഞെട്ടിച്ച പ്രതിഫലത്തിലായിരുന്നു താരത്തിന്റെ ചുവടുമാറ്റം. ക്രിസ്റ്റ്യാനോയുടെ ചുവടുപിടിച്ച് നെയ്മർ, കരീം ബെൻസമ തുടങ്ങിയ ലോകത്തെ മുൻനിര താരങ്ങളും സൗദി പ്രോ ലീഗിൽ കളിക്കാനെത്തിയിരുന്നു.

തുടര്‍ച്ചയായ മൂന്നാം തവണയും ലോകത്തെ അതിസമ്പന്നനായ കായികതാരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറിയിരുന്നു. ഫോബ്‌സ് മാസിക പുറത്തുവിട്ട പട്ടികയിലാണ് പോര്‍ച്ചുഗല്‍ താരം ഒന്നാമതെത്തിയത്. ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി, ബാസ്‌ക്കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് എന്നിവരെ മറികടന്നാണ് റൊണാള്‍ഡോയുടെ നേട്ടം. കഴിഞ്ഞവര്‍ഷം 275 മില്ല്യണ്‍ ഡോളറാണ് (2356 കോടി ഇന്ത്യന്‍ രൂപ) റോണോ സമ്പാദിച്ചത്.

Exit mobile version