ആലപ്പുഴ: ജില്ലയിൽ സൈബർ തട്ടിപ്പ് കേസുകൾ കുതിച്ചുയരുന്നു. ഒമ്പത് മാസത്തിനിടെ വിവിധയാളുകളിൽനിന്ന് 30 കോടി രൂപയാണ് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത്. പൊലീസിന്റെയും ബാങ്കിന്റെയും കോടതികളുടെയും കാര്യക്ഷമമായ ഇടപെടലിൽ 4.33 കോടി രൂപ പരാതിക്കാർക്ക് തിരികെ ലഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 73 പേരെയാണ് സൈബർ തട്ടിപ്പ് കേസുകളിൽ അറസ്റ്റ് ചെയ്തത്. ചെറിയൊരു ഇടവേളക്കുശേഷം ജില്ലയിൽ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.ജില്ലയിൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി 416 പരാതികളാണുയർന്നത്. ഈ കേസുകളിൽ 11.18 കോടി രൂപയിലധികം നഷ്ടമായി. ഇതിൽ 20 ലക്ഷത്തിന് മുകളിൽ നഷ്ടപ്പെട്ട 21 കേസുകളാണുള്ളത്. ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നുകോടി രൂപയാണ് നഷ്ടപ്പെട്ടത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളിൽ ഏഴ് കേസുകളിലായി 70 ലക്ഷം, 63 ലക്ഷം, 39 ലക്ഷം, 38 ലക്ഷം, 29 ലക്ഷം, 27 ലക്ഷം, 25 ലക്ഷം, ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ 54 ലക്ഷം, 40 ലക്ഷം, കരീലകുളങ്ങര സ്റ്റേഷനിൽ 22 ലക്ഷം എന്നിങ്ങനെയാണ് നഷ്ടമായത്. സമീപകാലത്ത് ഓൺലൈൻ ട്രേഡിങ്ങിലൂടെയാണ് 98 ശതമാനം തുകകളും നഷ്ടപ്പെടുന്നത്. ഉയർന്ന വരുമാനം വാഗ്ദാനംചെയ്ത് വ്യാജമായ ട്രേഡിങ് പ്ലാറ്റ്ഫോമുകൾ നിർമിച്ച് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ചാണ് ഭീമമായ തുകകൾ നിക്ഷേപിപ്പിക്കുന്നത്. ഷെയർ മാർക്കറ്റുകളിലും കമ്മോഡിറ്റി ട്രേഡിങ്, ക്രിപ്റ്റോ ട്രേഡിങ് മേഖലകളിലും നിക്ഷേപം നടത്തി പരിചയമുള്ളവരാണ് തട്ടിപ്പിനിരയാകുന്നത്.പ്രതിരോധിക്കാൻ പൊലീസ്വർധിച്ച സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള നടപടികൾ ഊർജിതമാക്കാൻ പൊലീസും ബാങ്ക് ഉദ്യോഗസ്ഥരും ചേർന്നുള്ള പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ലതല കോഓഡിനേഷൻ സെല്ലിന്റെ ഉദ്ഘാടനവും പ്രതിരോധ പദ്ധതി രൂപവത്കരണവും തിങ്കളാഴ്ച വൈകീട്ട് നാലിന് നടക്കും. ജില്ല പൊലീസ് ട്രെയിനിങ് സെന്ററിൽ ചേരുന്ന യോഗം ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല ലീഡ് ബാങ്ക് മാനേജർ എം. അരുൺ മുഖ്യപ്രഭാഷണം നടത്തും. ഡി.സി.ബി.ആർ.ബി ഡിവൈ.എസ്.പി എം.എസ്. സന്തോഷ് അധ്യക്ഷത വഹിക്കും. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ടെത്താനും പ്രതിരോധിക്കാനും പുതിയ രീതിയിലുള്ള തട്ടിപ്പുകളെപ്പറ്റിയും ചർച്ച നടക്കും. കണക്ക് ഇങ്ങനെ വർഷം, പരാതി, നഷ്ടമായത്, വീണ്ടെടുത്തത് 2023 1234 11.4 കോടി 43 ലക്ഷം 2024 2331 39.4 കോടി 19.3 കോടി 2025 1810 30 കോടി 4.33 കോടി ഓൺലൈൻ തട്ടിപ്പ് സ്റ്റേഷൻ, നഷ്ടമായ തുക ഹരിപ്പാട് മൂന്നുകോടി സൈബർ ക്രൈം പൊലീസ് 2.91 കോടി ചെങ്ങന്നൂർ 94 ലക്ഷം കരീലക്കുളങ്ങര 22 ലക്ഷം
