അച്ഛാ.. എന്നെ വന്ന് രക്ഷിക്കൂ, എനിക്ക് മരിക്കണ്ട’- കാറപകടത്തിൽ കനാലിൽ വീണ ഐ.ടി ജീവനക്കാരന്റെ അവസാന വാക്കുകൾ
‘
നോയിഡ: മൂടൽമഞ്ഞിൽ കാഴ്ച്ച നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ കാറപകടത്തിൽ 27കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രിയാണ് അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന യുവരാജ് മെഹ്തയാണ് മരിച്ചത്. കനത്ത മൂടൽ മഞ്ഞിൽ കാഴ്ച്ച നഷ്ടപ്പെട്ടതിനെ തുടർന്ന് യുവരാജ് സഞ്ചരിച്ച കാർ രണ്ട് ഡ്രെയിനേജുകളെ തമ്മിൽ വേർതിരിക്കുന്ന ഉയർന്ന പ്രതലത്തിൽ തട്ടി സമീപത്തുള്ള എഴുപത് അടി താഴ്ച്ചയിലുള്ള കനാലിൽ പതിക്കുകയായിരുന്നു. യുവരാജിന്റെ നിലവിളി കേട്ട് അതുവഴി പോയ മറ്റ് യാത്രക്കാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കാർ പൂർണമായും മുങ്ങിത്താഴുകയായിരുന്നു. ഇതിനിടെ യുവരാജ് തന്റെ പിതാവിനെ വിളിച്ച് താൻ മുങ്ങിത്താഴുകയാണെന്നും എന്നെ രക്ഷിക്കണമെന്നും എനിക്ക് മരിക്കണ്ട എന്നും പറഞ്ഞു. അപകടസ്ഥലത്ത് മിനിറ്റുകൾക്കകം പൊലീസും മുങ്ങൽ വിദഗ്ധരും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. യുവരാജിന്റെ പിതാവും സ്ഥലത്തെത്തിയിരുന്നു. അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവരാജിനെയും കാറിനെയും വെള്ളത്തിൽനിന്ന് പുറത്തെടുത്തത്. തുടർന്ന് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. റോഡിൽ റിഫ്ലക്ടറുകൾ സ്ഥാപിച്ചിരുന്നില്ല. സർവീസ് റോഡിലെ ഡ്രെയിനേജ് മൂടിയിട്ടുണ്ടായിരുന്നില്ല. ഇതാണ് അപകടകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രാദേശിക ഭരണകൂടത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. അധികാരികൾക്കെതിരെ പ്രദേശവാസികൾ പ്രതിഷേധവും സംഘടിപ്പിച്ചു.





