മതിയായ സുരക്ഷാ സംവിധാനങ്ങളില്ല; അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയദലിത് ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളിലാതെ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം. വാല്‍മീകി സമുദായത്തില്‍ പെട്ട രാഹുല്‍(32) എന്ന ശുചീകരണ തൊഴിലാളിയാണ് ജോലിക്കിടെ മരണപ്പെട്ടത്. മതിയായ സുരക്ഷാ സംവിധാനങ്ങളോ യാന്ത്രിക പിന്തുണയോ കൂടാതെ എട്ടടിയോളം ആഴമുള്ള അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞ മാസം 30-നാണ് സംഭവം. പൊതുമരാമത്ത് വകുപ്പിന്റെ പരിധിയില്‍ പെടുന്ന ഓവുചാല്‍ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിന് പിന്നാലെ തൊഴിലിടങ്ങളിലെ ജാതീയമായ വേര്‍തിരിവുകളെ കുറിച്ചും ഉദ്യോഗസ്ഥരുടെ അനാസ്ഥയെ കുറിച്ചും ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മുടങ്ങിക്കിടക്കുകയായിരുന്ന രണ്ട് മാസത്തെ ശമ്പളം ആവശ്യപ്പെട്ടെങ്കിലും മറ്റൊരു ജോലി കൂടി പൂര്‍ത്തിയാക്കിയാല്‍ സാലറി തരാമെന്ന് അധികൃതര്‍ നിബന്ധന വെച്ചതായി ദലിത് ആദിവാസി ശക്തി അധികാര്‍ മഞ്ച് (ഡിഎഎസ്എഎം) പറഞ്ഞു. തുടര്‍ന്ന്, വിഷാംശമുള്ള മീഥൈനും ഹൈഡ്രജന്‍ സള്‍ഫൈഡും അടങ്ങിയ അന്തരീക്ഷത്തിലേക്ക് ഇറങ്ങാന്‍ രാഹുല്‍ നിര്‍ബന്ധിതനാകുകയായിരുന്നെന്ന് കുടുംബവും ദൃക്‌സാക്ഷികളും പറഞ്ഞു. തന്റെ സഹായിയുമായി ഡ്രൈനേജിലിറങ്ങിയ രാഹുല്‍ വൈകാതെ ബോധരഹിതനായി വീഴുകയും ചെയ്തു. അബോധാവസ്ഥയില്‍ രാഹുല്‍ ഓടയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കൂട്ടാളി അറിയിച്ചിട്ടും രണ്ട് മണിക്കൂറെടുത്തു അദ്ദേഹത്തെ പുറത്തെത്തിക്കാന്‍. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. സംഭവത്തിന് പിന്നാലെ, അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തെങ്കിലും മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ നിര്‍ബന്ധിത ജോലി ചെയ്യിപ്പിക്കല്‍, എസ്‌സി, എസ്ടി അതിക്രമം തടയല്‍ എന്നീ വകുപ്പുകള്‍ ആദ്യം ചുമത്തിയിരുന്നില്ല. കുടുംബത്തിന്റെയും സാമൂഹിക സംഘങ്ങളുടെയും ആവര്‍ത്തിച്ചുള്ള ആവശ്യം പരിഗണിച്ച് പിന്നീട് കൂട്ടിച്ചേര്‍ക്കുയാണുണ്ടായത്. രാഹുലിന്റെ മരണം ആകസ്മികമായിരുന്നില്ലെന്നും തൊഴിലിടങ്ങളിലെ അനിയന്ത്രിതമായ വിഷവാതകം ശ്വസിച്ചുകൊണ്ടായിരുന്നെന്നും കുടുംബം ആരോപിച്ചു. ‘രണ്ട് മാസത്തെ സാലറി കിട്ടാനുണ്ടായിരുന്നു. അത് വാങ്ങണമെന്ന് പറഞ്ഞാണ് രാഹുല്‍ വീട്ടില്‍ നിന്ന് പോയത്. എന്നാല്‍, അവന്‍ ആവശ്യപ്പെട്ടതുപോലെ പണം നല്‍കുന്നതിന് പകരം ഓട വൃത്തിയാക്കിയാല്‍ മാത്രമേ പണം തരികയുള്ളൂവെന്ന് കോണ്‍ട്രാക്ടര്‍ വാശി പിടിക്കുകയായിരുന്നു’. രാഹുലിന്റെ സഹോദരി പ്രതികരിച്ചു. ‘കാര്യങ്ങള്‍ ഈയൊരു അവസ്ഥയിലേക്ക് എത്തിച്ചേരുമെന്ന് കരുതിയിരുന്നില്ല. വിഷവാതകം ശ്വസിച്ചാണ് സഹോദരന്‍ മരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കും ഈ മരണത്തില്‍ പങ്കുണ്ടെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ല’. അവര്‍ കൂട്ടിച്ചേര്‍ത്തു.സംഭവത്തിന് പിന്നാലെ, തൊഴിലിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ അനിവാര്യതയെ കുറിച്ചും ലഭ്യതയെ കുറിച്ചും എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ചും വ്യാപകമായ ചര്‍ച്ചകളുയര്‍ന്നിരിക്കുകയാണ്.





