ഒരു ഓവറില്‍ ആറ് സിക്‌സറുണ്ടായിട്ടും ചെറുക്കന്‍ ലക്ഷ്യമിട്ടത് സാക്ഷാല്‍ ഗെയ്‌ലിനെ; 175 റണ്‍സ് തകര്‍ക്കണമെന്ന് സൂര്യവംശി

ഐ.പി.എല്‍ 2025ല്‍ ക്രിക്കറ്റ് ലോകത്തെ ഒന്നുപോലെ ഞെട്ടിച്ചത് രാജസ്ഥാന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയായിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടവുമായി രാഹുല്‍ ദ്രാവിഡിന്റെ കൈപിടിച്ച് ഐ.പി.എല്ലിന്റെ ബിഗ് സ്റ്റേജിലെത്തിയ താരം സീസണ്‍ അവസാനിപ്പിച്ചത് വേഗമേറിയ രണ്ടാമത് സെഞ്ച്വറിയടക്കമുള്ള നിരവധി റെക്കോഡുകളുമായാണ്.
ഐ.പി.എല്ലിന്റെ പുതിയ സീസണിലും സൂര്യവംശിയുടെ ബാറ്റ് ചരിത്രം രചിക്കുമെന്നുറപ്പാണ്. ഓപ്പണിങ്ങില്‍ സഞ്ജു സാംസണ് പകരം രാജസ്ഥാന് വിശ്വസിക്കാന്‍ സാധിക്കുന്ന സൂര്യവംശിയില്‍ നിന്നും ഒരു മികച്ച സീസണ്‍ തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
വൈഭവ് സൂര്യവംശി
ഇപ്പോള്‍ ഐ.പി.എല്ലില്‍ തനിക്ക് തകര്‍ക്കാന്‍ ആഗ്രഹമുള്ള റെക്കോഡിനെ കുറിച്ച് സംസാരിക്കുകയാണ് താരം. ബി.സി.സി.ഐ നമന്‍ അവാര്‍ഡ് വേദിയില്‍ ഹര്‍ഷ ഭോഗ്ലെയുമായി നടത്തിയ സംഭാഷണത്തിലാണ് വൈഭവ് ഇക്കാര്യം പറഞ്ഞത്.

വൈഭവ് സൂര്യവംശി
ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍, വേഗതയേറിയ സെഞ്ച്വറി, ഏറ്റവുമുയര്‍ന്ന സ്‌കോറായ ക്രിസ് ഗെയ്‌ലിന്റെ 175* എന്നിവയില്‍ ഏത് റെക്കോഡ് തകര്‍ക്കാനാണ് ആഗ്രഹമെന്ന ഭോഗ്ലെയുടെ ചോദ്യത്തോട് ഗെയ്‌ലിന്റെ റെക്കോഡ് തകര്‍ക്കണമെന്നാണ് സൂര്യവംശി പറഞ്ഞത്.

2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ കളിക്കവെയാണ് ഗെയ്‌ലിന്റെ ബാറ്റ് ഗര്‍ജിച്ചത്. 66 പന്ത് നേരിട്ട താരം 17 സിക്‌സറും 13 ഫോറും അടക്കം പുറത്താകാതെ 175 റണ്‍സ് നേടി. 265.15 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു ഗെയ്‌ലിന്റെ പ്രകടനം.

ഗെയ്‌ലിന്റെ വെടിക്കെട്ടില്‍ ബെംഗളൂരു നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂനെയുടെ ഇന്നിങ്‌സ് 130ല്‍ ഒതുങ്ങി.
അതേസമയം, പുതിയ സീസണില്‍ മാര്‍ച്ച് 30നാണ് സൂര്യവംശിയും രാജസ്ഥാനും ആദ്യ മത്സരത്തിനിറങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തങ്ങളുടെ രണ്ടാം ഹോം സ്‌റ്റേഡിയമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ നേരിടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button