വഴി അടച്ചതുമായി ബന്ധപ്പെട്ട തർക്കം;കോഴിക്കോട് കോടഞ്ചേരിയിൽ വയോധികന് അയൽവാസിയുടെ ക്രൂരമർദനം
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ വയോധികന് ക്രൂരമർദനമേറ്റതായി പരാതി. കണ്ണോത്ത് താമരപ്പള്ളിൽ രാജപ്പനാണ് മർദ്ദനമേറ്റത്. വീട്ടിലേക്കുള്ള വഴി അടച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് അയൽവാസിയായ ജോയ് മർദിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.ജോയിയുടെ അതിരിനോട് ചേർന്ന് വർഷങ്ങളായി സമീപവാസികൾ ഉപയോഗിച്ചിരുന്ന ഒരു നടവഴി ഇന്നലെ രാവിലെ ഇയാൾ അടച്ചിരുന്നു. രാവിലെ ജോലിക്ക് പോയ രാജപ്പൻ തിരിച്ചുവരുമ്പോൾ ഈ നടവഴി അടച്ചത് ചോദ്യം ചെയ്യുകയും മരക്കഷ്ണം എടുത്തുമാറ്റുകയും ചെയ്തു . തുടർന്നുണ്ടായ തർക്കത്തിലാണ് വയോധികന് ക്രൂരമർദനമേൽക്കുന്നത്. മരത്തടി കൊണ്ട് തലക്കടിയേറ്റ ഇയാൾക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
