തിയേറ്റർ വിഹിതത്തെ ചൊല്ലി തർക്കം;മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ റിലീസ് പ്രതിസന്ധിയിൽ
കൊച്ചി: 18 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന വൻ താരനിരയുള്ള ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റി’ന്റെ കേരളത്തിലെ തിയറ്ററുകളിലെ റിലീസ് പ്രതിസന്ധിയിൽ. തിയറ്റർ വിഹിതത്തിൽ വർധന ആവശ്യപ്പെട്ട സാഹചര്യത്തിൽ നിർമാതാക്കളുമായി കരാറിൽ ഏർപ്പെടരുതെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് (ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള) അംഗങ്ങൾക്ക് നിർദേശം നൽകി. ഏപ്രിൽ 23ന് റിലീസ് നിശ്ചയിച്ചിരിക്കെ ഒരു മാസത്തിനുള്ളിൽ പ്രശ്ന പരിഹാരമായില്ലെങ്കിൽ ഫിയോക്കിന് കീഴിലുള്ള 450ലധികം തിയറ്ററുകൾ ചിത്രം പ്രദർശിപ്പിക്കില്ല. മലയാള സിനിമകൾ തിയറ്ററുകളിൽ എത്തുമ്പോൾ ഉടമകൾ ആദ്യ ആഴ്ചയിൽ 60 ശതമാനവും രണ്ടാമത്തെ ആഴ്ചയിൽ 55 ശതമാനവും മൂന്നാമത്തെ ആഴ്ചയിൽ 50 ശതമാനവും കളക്ഷൻ വിഹിതമാണ് നിർമാതാക്കൾക്ക് നൽകേണ്ടത്. എന്നാൽ, ‘പേട്രിയറ്റ്’ സിനിമയുടെ നിർമാതാക്കളായ ആന്റോ ജോസഫ് ഫിലിം കമ്പനി ആദ്യത്തെ രണ്ട് ആഴ്ചകളിലും 60 ശതമാനം തന്നെ വിഹിതം വേണമെന്ന് ചൂണ്ടിക്കാട്ടി കരാർ വെച്ചു. ഈ സാഹചര്യത്തിൽ എതിർപ്പുമായി ഫിയോക് രംഗത്തെത്തി. ആദ്യ രണ്ടാഴ്ചകളിൽ 60 ശതമാനം വിഹിതം നൽകി സിനിമ പ്രദർശിപ്പിച്ചാൽ തിയറ്ററുകൾക്ക് വലിയ നഷ്ടം ഉണ്ടാക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പറയുന്നു. ഇൻഡസ്ട്രിയൽ നിയമത്തിൽ നിന്നുള്ള വിട്ടുവീഴ്ചക്ക് തയ്യാറല്ല. സംസ്ഥാനത്തെ തിയറ്ററുകളുടെ അവസ്ഥ വളരെ ദയനീയമാണ്. പൂട്ടിക്കിടക്കുന്ന 100 ശതമാനം തിയറ്റുകൾ അതിജീവനത്തിനുള്ള ശ്രമത്തിലാണെന്നും വിജയകുമാർ ചൂണ്ടിക്കാട്ടി. വൻതാരനിരയുള്ള ബിഗ് ബജറ്റ് ചിത്രമായത് കൊണ്ടാണ് തിയറ്റർ വിഹിതത്തിൽ പുതിയ നിബന്ധന വെച്ചതെന്ന് നിർമാതാവ് ആന്റോ ജോസഫ് വ്യക്തമാക്കി. തിയറ്റർ ഉടമകളുടെയും നിർമാതാക്കളുടെയും സംഘടനകൾ വിഷയം ചർച്ച ചെയ്യും. ‘പേട്രിയറ്റി’ന് ഒരു പ്രതിസന്ധിയുമില്ലെന്നും ഏപ്രിൽ 23ന് തന്നെയാണ് റിലീസ് എന്നും ആന്റോ ജോസഫ് അറിയിച്ചു.





