ലഹരിവിൽപ്പന; രാമനാട്ടുകരയിൽ 6 യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന ആറംഗ സംഘത്തെ കോഴിക്കോട് സിറ്റി ഡാൻസാഫും ഫറോക്ക് പൊലീസും ചേർന്ന് പിടികൂടി. രാമനാട്ടുകരയിലെ സ്വകാര്യ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ 21.77 ഗ്രാം എംഡിഎംഎയും ലഹരി വിറ്റുകിട്ടിയ 22,800 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

ഷാഹിദ് ഹുസൈൻ (29) പുത്തലത്ത് വീട് ചേലേമ്പ്ര,
എം. അഭിനവ് (19) മണലേപ്പിൽ വീട് ചേലേമ്പ്ര,
പി. അക്ഷിത്ത് (19) പുലാട്ടിൽ വീട് ചേലേമ്പ്ര,
എ. റിഥുൻ (22) ഇടിയാട്ട് വീട് ചേലേമ്പ്ര,
അബു താഹിർ (26) വൈരം വളപ്പിൽ വീട് ചാലിയം,
കെ.കെ. സിറാജുദ്ദീൻ (27) മുത്തേടത്ത് വീട് ഫറോക്ക് ചുങ്കം, എന്നിവരാണ് അറസ്റ്റിലായവർ

ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതികൾ രാമനാട്ടുകരയിലെ ലോഡ്ജിൽ ഒത്തുകൂടിയെന്ന വിവരത്തെത്തുടർന്നാണ് പോലീസ് എത്തിയത്. ബെംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരിമരുന്ന് എത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി മേഖലകളിൽ വിൽക്കുകയായിരുന്നു ഇവരുടെ രീതി. സ്കൂൾ അവധിക്കാലം മുന്നിൽക്കണ്ടാണ് ഇത്രയധികം മരുന്ന് എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി.

അറസ്റ്റിലായ ഷാഹിദ് ഹുസൈനും അബു താഹിറും സ്ഥിരം ലഹരിക്കടത്തുകാരാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 155 ഗ്രാം എംഡിഎംഎയുമായി ഇവർ പിടിയിലായിരുന്നു. ആറുമാസം ജയിലിൽ കിടന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇവർ വീണ്ടും ലഹരി വിൽപനയിലേക്ക് കടന്നത്.

പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിലെ മറ്റ് ലഹരി വിൽപനക്കാരെയും പോലീസ് നിരീക്ഷിച്ചു വരികയാണ്.

സിറ്റി നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ കെ.ജെ. ജോൺസൺ, ഫറോക്ക് ഇൻസ്പെക്ടർ ലതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്‌ഐമാരായ സാജിനി, മനോജ് എടയേടത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ സനൂപ്, സുമേഷ്, ആഷിദ്, സരുൺ കുമാർ, ലതീഷ്, അതുൽ, ദിനീഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button