തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങൾ, ഇനി വിജിൽ ആപ്പ് വഴി പൊതുജനങ്ങൾക്കും പരാതി സമർപ്പിക്കാം
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു കഴിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുന്നതിനും ചട്ടലംഘനങ്ങള്‍ തടയുന്നതിനുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആവിഷ്കരിച്ച സംവിധാനമാണ് ‘സി-വിജില്‍’ (cVIGIL) മൊബൈല്‍ ആപ്പ്. വോട്ടർമാരെ സ്വാധീനിക്കാൻ പണം നല്‍കുകയോ മദ്യം വിതരണം ചെയ്യുകയോ ചെയ്യുന്നതുള്‍പ്പെടെയുള്ള ഏത് നിയമവിരുദ്ധ പ്രവർത്തനങ്ങളും ഇനി പൊതുജനങ്ങള്‍ക്ക് നേരിട്ട് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താം. പരാതി ലഭിച്ചാല്‍ വെറും നൂറ് മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കുമെന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.
എന്താണ് സി-വിജില്‍?
പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് നിരീക്ഷകരാകാൻ അവസരം നല്‍കുന്ന ഒരു ആൻഡ്രോയിഡ്/ഐഒഎസ് ആപ്ലിക്കേഷനാണിത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ആർക്കും ഈ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതല്‍ വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ ഈ ആപ്പ് സജീവമായിരിക്കും. വോട്ടർമാർക്ക് പണം നല്‍കുക, മദ്യവിതരണം, അനുമതിയില്ലാതെ പോസ്റ്ററുകള്‍ പതിപ്പിക്കുകയോ ബാനറുകള്‍ സ്ഥാപിക്കുകയോ ചെയ്യുക, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുക, മതപരമോ ജാതീയമോ ആയ വിദ്വേഷം പടർത്തുക തുടങ്ങി പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ വരുന്ന ഏത് ലംഘനത്തിനെതിരെയും ഇതിലൂടെ പരാതി നല്‍കാം.
പരാതി സമർപ്പിക്കേണ്ട രീതി
സി-വിജില്‍ ആപ്പ് ഉപയോഗിച്ച് പരാതി നല്‍കുന്നത് വളരെ ലളിതമാണ്. ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ആപ്പിലെ ക്യാമറ ബട്ടണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകർത്തിയാല്‍ മാത്രം മതി. പരമാവധി രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയോ അല്ലെങ്കില്‍ ഫോട്ടോയോ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. ആപ്പ് ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകർത്തുമ്പോള്‍ തന്നെ ജിപിഎസ് സംവിധാനം വഴി ലൊക്കേഷൻ താനേ രേഖപ്പെടുത്തപ്പെടും. ഇത് കൃത്യമായ സ്ഥലം കണ്ടെത്താൻ അധികൃതരെ സഹായിക്കുന്നു. എന്നാല്‍, ഫോണ്‍ ഗാലറിയിലുള്ള പഴയ ഫയലുകളോ എഡിറ്റ് ചെയ്ത ദൃശ്യങ്ങളോ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല എന്നത് ഇതിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. തത്സമയം പകർത്തിയ ദൃശ്യങ്ങള്‍ മാത്രമേ പരാതിയായി സ്വീകരിക്കുകയുള്ളൂ. സംഭവത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്.
അജ്ഞാതനായി പരാതി നല്‍കാം
പരാതി നല്‍കുന്ന വ്യക്തിയുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ആപ്പിലുണ്ട്. പേരും വിവരങ്ങളും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്ക് അജ്ഞാതനായി (Anonymous) പരാതി സമർപ്പിക്കാം. ഇത്തരത്തില്‍ പരാതി നല്‍കുമ്പോള്‍ പരാതിക്കാരന്റെ ഫോണ്‍ നമ്പറോ മറ്റ് വിവരങ്ങളോ ഉദ്യോഗസ്ഥർക്ക് ലഭ്യമാകില്ല. അതേസമയം, വിവരങ്ങള്‍ നല്‍കുന്നവർക്ക് തങ്ങളുടെ പരാതിയുടെ പുരോഗതി അറിയാൻ ഒരു ‘യുണീക് ഐഡി’ ലഭിക്കും. ഇത് ഉപയോഗിച്ച് നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് നിരീക്ഷിക്കാൻ സാധിക്കും.
നടപടികള്‍ മിന്നല്‍ വേഗത്തില്‍
സി-വിജില്‍ ആപ്പ് വഴിയുള്ള പരാതികളില്‍ നടപടി സ്വീകരിക്കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. സബ്മിറ്റ് ബട്ടണ്‍ അമർത്തുന്നതോടെ പരാതി ജില്ലാ കണ്‍ട്രോള്‍ റൂമിലെത്തും. അഞ്ച് മിനിറ്റിനുള്ളില്‍ ഈ വിവരം ബന്ധപ്പെട്ട ഫീല്‍ഡ് യൂണിറ്റിന് കൈമാറും. പതിനഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ഫ്ലയിങ് സ്ക്വാഡോ ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡോ സംഭവസ്ഥലത്തെത്തും. സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നല്‍കുന്നതോടെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കും. പരാതി നല്‍കി പരമാവധി 100 മിനിറ്റിനുള്ളില്‍ എന്ത് നടപടി എടുത്തു എന്ന മറുപടി പരാതിക്കാരന് ആപ്പിലൂടെ തന്നെ ലഭ്യമാകും.





