വിവാഹക്കാര്യം ചർച്ച ചെയ്യാൻ വിളിച്ചു വരുത്തി; പെൺസുഹൃത്തിന്റെ വീട്ടുകാർ എൻജിനീയറിങ് വിദ്യാർഥിയെ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തി
തെലുങ്കാന: വിവാഹക്കാര്യങ്ങൾ ചർച്ച ചെയ്യാനാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയെ പെൺ സുഹൃത്തിന്റെ വീട്ടുകാർ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. സെന്റ് പീറ്റേഴ്‌സ് എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ജ്യോതി ശ്രാവൺ സായിയെ ആണ് സുഹൃത്ത് ശ്രീജയുടെ വീട്ടുകാർ കൊലപ്പെടുത്തിയത്.തെലങ്കാന സംഘറെഡ്ഢി ജില്ലയിലാണ് സംഭവം. പ്രണയത്തിൽ നിന്ന് പിന്മാറാൻ ശ്രീജയുടെ ബന്ധുക്കൾ ഇരുവരോടും പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബന്ധത്തിൽ നിന്ന് പിന്മാറാൻ രണ്ടു പേരും തയ്യാറായിരുന്നില്ല. ഇതിനിടക്കാണ് ശ്രീജയുടെ മാതാപിതാക്കൾ ജ്യോതി ശ്രീവൺ സായിയെ വീട്ടിലേക്ക് വിളിപ്പിച്ചത്. വിവാഹക്കാര്യം ചർച്ച ചെയ്യാൻ എന്നാണ് പറഞ്ഞത്. വീട്ടുകാർ വിളിച്ച പ്രകാരം ജ്യോതി ഇവരുടെ വീട്ടിലെത്തി. ശ്രീജയുടെ അമ്മയുൾപ്പടെയുള്ളവർ ഇയാളെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിക്കുകയായിരുന്നു. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകത്തിന് അമീൻപൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ജ്യോതിയെ അടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുകയയാണെന്ന് പൊലീസ് പറഞ്ഞു.





