ഏർലിങ് ഹാളണ്ടിന് ഹാട്രിക്; ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇസ്രായേലിനെതിരെ നോർവെക്ക് തകർപ്പൻ ജയം
ഓസ്‌ലോ: യൂറോപ്പിലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇസ്രാലേയിനെതിരെ നോർവെക്ക് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളിനാണ് സ്വന്തം തട്ടകത്തിൽ നോർവെ ജയം സ്വന്തമാക്കിയത്. സൂപ്പര്ർ താരം എർലിങ് ഹാളണ്ട് ഹാട്രിക്കുമായി(27,63, 72) തിളങ്ങി. അനൻ കലെയ്‌ലി(18), ഇദാൻ നജ്മിയാസ്(28) എന്നിവരുടെ സെൽഫ് ഗോളുകളും നോർവെക്ക് കരുത്തായി. മത്സരത്തിൽ ഹാളണ്ട് രണ്ട് പെനാൽറ്റിയാണ് നഷ്ടപ്പെടുത്തിയത്. ഇത് ഗോളായിരുന്നെങ്കിൽ ഇസ്രായേലിന്റെ സ്ഥിതി കൂടുതൽ പരുങ്ങലിലാകുമായിരുന്നു. നിലവിൽ ഗ്രൂപ്പിൽ ഇസ്രായേൽ മൂന്നാം സ്ഥാനത്താണ്. ബുധനാഴ്ച ഇറ്റലിയുമാണ് ഇസ്രായേലിന്റെ അടുത്ത മത്സരം. അവസാന രണ്ട് മത്സരങ്ങളിൽ നോർവെക്കായി എട്ട് ഗോളുകളാണ് ഹാളണ്ട് നേടിയത്.
സ്‌റ്റേഡിയത്തിനകത്തും പുറത്തും നിരവധി പേരാണ് ഇസ്രാലേൽ നരനായാട്ടിനെതിരെ പ്രതിഷേധിച്ചത്. സ്റ്റേഡിയത്തിൽ ഗസക്ക് ഐക്യദാർഢ്യമായി നോർവീജിയൻ ആരാധകർ കൂറ്റൻ ബാനറുകളും ഉയർത്തിയിരുന്നു. പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാൽ വലിയ സുരക്ഷാണ് സ്റ്റേഡിയത്തിൽ ഒരുക്കിയത്. അതേസമയം, മത്സരത്തിൽ നിന്നുള്ള വരുമാനം ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തകർക്ക് നൽകുമെന്ന് നോർവീജിയൻ ഫുട്‌ബോൾ ഫെഡറേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗസ്സയിലെ സാഹചര്യങ്ങളിൽ സങ്കടമുണ്ടെങ്കിലും ഇസ്രായേലിനെതിരെ കളിക്കാതിരിക്കുന്നത് ലോകകപ്പ് സാധ്യതയെ ബാധിക്കുമെന്നതിനാലാണ് പങ്കെടുക്കാനൊരുങ്ങുന്നതെന്ന് ഇറ്റാലിയൻ കോച്ച് ഗട്ടൂസോയും പ്രതികരിച്ചിരുന്നു.
