ഹിന്ദുമതം പോലും ഇന്ത്യയിൽ രജിസ്റ്റര്‍ ചെയ്തിട്ടില്ല; അങ്ങനെ രജിസ്റ്റര്‍ ചെയ്യാത്ത പലതുമുണ്ട്: മോഹന്‍ ഭഗവത്

ബെംഗളൂരു: ഇന്ത്യയില്‍ ഹിന്ദുമതം പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ആര്‍.എസ്.എസ് വ്യക്തികളുടെ സംഘമാണെന്നും രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാത്തതായി പലതുമുണ്ടെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

ബെംഗളൂരുവില്‍ നടന്ന ‘100 വര്‍ഷത്തെ സംഘയാത്ര; പുതിയ ചക്രവാളങ്ങള്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഭഗവതിന്റെ പ്രസ്താവന.

രാജ്യം സ്വതന്ത്രമായതിന് ശേഷം യൂണിയന്‍ സര്‍ക്കാര്‍ രജിട്രേഷനുകള്‍ നിര്‍ബന്ധമാക്കിയിട്ടില്ല. വ്യക്തികളുടെ സംഘങ്ങള്‍ക്ക് നിയമപരമായ ഒരു പദവിയും നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ആര്‍.എസ്.എസിനെയും വ്യക്തികളുടെ സംഘടനയായി തരംതിരിച്ചിട്ടുണ്ടെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

തങ്ങളുടേത് ഒരു അംഗീകൃത സംഘടനയാണെന്നും ഭഗവത് ആവശ്യപ്പെട്ടു. കോടതിയും ആദായനികുതി വകുപ്പും തങ്ങളെ വ്യക്തികളുടെ ഒരു സംഘമായി അംഗീകരിച്ചിട്ടുണ്ട്. സംഘത്തെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

ഹിന്ദുത്വം എന്ന വാക്ക് മാത്രമേ ഹിന്ദു എന്നതിന്റെ എല്ലാ അര്‍ത്ഥങ്ങളെയും ഉള്‍ക്കൊള്ളുന്നുള്ളൂ. എല്ലാ ഇന്ത്യക്കാരെയും അവരുടെ മതം പരിഗണിക്കാതെ ഉള്‍ക്കൊള്ളുക എന്നതാണ് അതിന്റെ ലക്ഷ്യം. എന്നാല്‍ നമ്മളില്‍ പലരും കോളനിവത്കരിക്കപ്പെട്ടിരിക്കുകയാണ്.
ഹിന്ദുത്വവും ഹിന്ദുയിസവും എന്നാല്‍ എന്താണ്? ഇസം എന്നത് ഒരു വിദേശവാക്കാണ്. ഹിന്ദിയിലെ അതിന്റെ അര്‍ത്ഥം ‘വാദ’ എന്നാണ്. നിങ്ങള്‍ ആരെങ്കിലും ‘ഹിന്ദുവാദ’ എന്ന് കേട്ടിട്ടുണ്ടോ? ഇല്ല, എന്നാല്‍ ഹിന്ദുത്വം എന്നത് പരമ്പരാഗത വാക്കാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസിനെ ‘എക്‌സ്‌ക്ലൂസീവ്’ എന്ന് വിളിക്കുന്നതിന്റെ യുക്തി എന്താണെന്നും ഭഗവത് ചോദിച്ചു. ജാതിയെ അടിസ്ഥാനമാക്കി ഹിന്ദുക്കളെ വിഭജിക്കരുതെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു.

ജാതികള്‍ക്കതീതമായ ഒരു പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് അവകാശപ്പെടുന്നവരാണ് ബി.ജെ.പി. ജാതിയുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട ബീഹാറിലെ പ്രധാന കക്ഷിയായ ആര്‍.ജെ.ഡിയെ പോലുള്ളവരെ ബി.ജെ.പി ചെറുക്കുകയാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

അതേസമയം രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന തീവ്രഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസിനെ നിരോധിക്കണമെന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടുത്തിടെ ആവശ്യപ്പെട്ടത്. 1948ല്‍ ശ്യാമപ്രസാദ് മുഖര്‍ജിക്ക് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എഴുതിയ കത്ത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button