Site icon Newskerala

എക്‌സിറ്റ്‌പോളുകള്‍ കാര്യമാക്കുന്നില്ല, വോട്ടിങ് കഴിഞ്ഞ ശേഷം ലഭിച്ചത് പോസിറ്റീവ് ഫീഡ്ബാക്കുകള്‍: തേജസ്വി യാദവ്‌

പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ആർജെഡി നേതാവും ഇന്‍ഡ്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ്. ഭൂരിഭാഗവും എൻഡിഎയ്ക്ക് വ്യക്തമായ മുൻതൂക്കം നൽകുന്നതാണ്. ഇന്‍ഡ്യ സഖ്യം സർക്കാർ രൂപീകരിക്കില്ലെന്നും പലരും പ്രവചിക്കുന്നു. ‘ബിഹാറിലെ വോട്ടിങ് കഴിഞ്ഞ ശേഷം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നെല്ലാം ഞങ്ങൾക്ക് ലഭിച്ച ഫീഡ്ബാക്കുകൾ എല്ലാം വളരെ പോസിറ്റീവ് ആണ്. മുമ്പൊരിക്കലുമില്ലാത്ത വിധമുള്ള പ്രതികരണമാണ് ഇത്തവണ ലഭിക്കുന്നത്. (RJD അധികാരം നേടിയ) 1995-നേക്കാൾ വലിയ സാധ്യതകളാണ് ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്കുള്ളത്. നിലവിലെ സർക്കാറിനോടുള്ള ജനങ്ങളുടെ വിരുദ്ധവികാരമാണ് ഇത് സൂചിപ്പിക്കുന്നത്”- പറ്റ്നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “എല്ലാവരും ഈ സർക്കാരിനെതിരെ വോട്ട് ചെയ്തിട്ടുണ്ട്, ഇത്തവണ മാറ്റം തീർച്ചയായും സംഭവിക്കും”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ പുറത്തുവന്ന 9 എക്സിറ്റ് പോളുകളിൽ 7 എണ്ണവും NDA ക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം 133-159 സീറ്റുകൾ വരെ എൻഡിഎ നേടുമ്പോൾ മഹാസഖ്യം 75-101 സീറ്റുകൾ വരെ പിടിക്കും എന്നാണ് പ്രവചനം. അതേസമയം 2005ന് ശേഷമുള്ള ഏറ്റവും കൂടിയ പോളിംഗ് ശതമാനം ഇരു മുന്നണികൾക്കും ആത്മവിശ്വാസം പകരുന്നുണ്ട്.

Exit mobile version