വ്യാജ മരുന്ന് ദുരന്തം; മുന്നറിയിപ്പ് നല്‍കി ഡബ്ലിയുഎച്ഒ വിഷാംശമുള്ള മൂന്ന് കഫ് സിറപ്പുകളെക്കുറിച്ചാണ് മുന്നറിയിപ്പ്
ജനീവ: ഇന്ത്യയില്‍ ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തിനു പിന്നാലെ മൂന്ന് കഫ് സിറപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന(ഡബ്ലിയുഎച്ച്ഒ). ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ കോള്‍ഡ്രിഫ്, റെഡ്നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ റെസ്പിഫ്രഷ് ടി ആര്‍, ഷേപ്പ് ഫാര്‍മയുടെ റീലൈഫ് എന്നിവയുടെ പ്രത്യേക ബാച്ചുകളെക്കുറിച്ചാണ് ഈ മുന്നറിയിപ്പ്. ഈ ബാച്ചിലുള്ള മരുന്നുകള്‍ കണ്ടെത്തിയാല്‍ ആരോഗ്യ ഏജന്‍സിയെ ഉടന്‍ അറിയിക്കണമെന്ന് who അതത് രാജ്യങ്ങളിലെ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. Close Player ഈ സിറപ്പുകളുടെ ഉപയോഗം ജീവന് ഭീഷണിയാകുന്ന അസുഖങ്ങള്‍ക്ക് കാരണമായേക്കാമെന്ന് WHO അറിയിച്ചതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഇതില്‍, ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നിര്‍മാണ ലൈസന്‍സ് നേരത്തെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. വിഷവസ്തുവായ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ (DEG) കോള്‍ഡ്രിഫ് സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്ന് ലാബ് പരിശോധനകളില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ദുരന്തത്തിന് ശേഷം, ഈ മരുന്നുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന് ലോകാരോഗ്യ സംഘടന (WHO) ഇന്ത്യന്‍ അധികൃതരോട് അന്വേഷിച്ചിരുന്നു. എന്നാല്‍, വിഷാംശമുള്ള സിറപ്പുകളൊന്നും കയറ്റുമതി ചെയ്തിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. അത്തരം മരുന്നുകളൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസും വ്യക്തമാക്കിയിട്ടുണ്ട്. 20ലധികം കുട്ടികളാണ് മധ്യപ്രദേശില്‍ മാത്രം മരിച്ചത്. അനുവദനീയമായ അളവിനേക്കാള്‍ ഏകദേശം 500 മടങ്ങിലധികം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ ഈ ചുമ മരുന്നില്‍ അടങ്ങിയിരുന്നുവെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചിരുന്നു.
