
ന്യൂഡൽഹി: ലോകകപ്പ് യോഗ്യതാ മത്സരങ്ങളും സൗഹൃദ മത്സരങ്ങളും സജീവമായ സീസണിനൊടുവിൽ പുതിയ ഫിഫ റാങ്കിങ്ങിൽ അർജന്റീനക്ക് മുന്നേറ്റം. രണ്ടര വർഷത്തോളം കൈവശം വെച്ച ഒന്നാം സ്ഥാനത്തു നിന്നും കഴിഞ്ഞ മാസം മൂന്നിലേക്ക് മൂക്കുകുത്തി വീണ അർജന്റനക്ക് പക്ഷേ, കഴിഞ്ഞ ആഴ്ചകളിലെ മത്സര ഫലങ്ങൾ ഗുണകരമായി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ മെസ്സിപ്പട രണ്ടിലേക്ക് തിരിച്ചെത്തി. അതേസമയം, ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ വമ്പൻ ജയവുമായി കുതിക്കുന്ന സ്പെയിൻ ഒന്നാം സ്ഥാനത്ത് വ്യക്തമായ മേധാവിത്വവുമായി സ്ഥാനമുറപ്പിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അവസാന മത്സരങ്ങളിൽ ഐസ്‍ലൻഡിനോട് സമനില പാലിച്ച ഫ്രാൻസ് രണ്ടിൽ നിന്നും മൂന്നിലേക്ക് പടിയിറങ്ങിയ അവസരം മുതലെടുത്താണ് അർജന്റീന രണ്ടിലേക്ക് കയറിയത്.അതേസമയം, സൗഹൃദ മത്സരത്തിൽ ജപ്പാനോട് തോൽവി വഴങ്ങിയ ബ്രസീലിന് തിരിച്ചടിയായി. ഒരു സ്ഥാനം നഷ്ടമായ ബ്രസീൽ ഏഴിലേക്കാണ് പടിയിറങ്ങിയത്.2022ലോകകപ്പ് കിരീട വിജയത്തിനു പിന്നാലെ 2023 ഏപ്രിലിൽ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ അർജന്റീന രണ്ടര വർഷത്തോളമാണ് ഈ പദവിയിൽ തുടർന്നത്. കോപ അമേരിക്ക, ഫൈനലിസിമ കിരീട വിജയങ്ങളുമായി ജൈത്രയാത്ര തുടർന്നായിരുന്നു അർജന്റീന കഴിഞ്ഞ സെപ്റ്റംബർ വരെ ഒന്നാം റാങ്ക് തുടർന്നത്. മുൻ ലോകചാമ്പ്യന്മാരായ ജർമനി രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ആദ്യപത്തിന്റെ തിളക്കത്തിൽ തിരികെയെത്തി. നാല് സ്ഥാനം മെച്ചപ്പെടുത്തി 37ലെത്തിയ ഹംങ്കറി, അഞ്ച് സ്ഥാനം കയറി 38ലെത്തിയ സ്കോട്‍ലൻഡ്, നാല് സ്ഥാനം മെച്ചപ്പെടുത്തി 41ലെത്തിയ നൈജീരിയ, നാല് സ്ഥാനംമെച്ചപ്പെടുത്തി 47ലെത്തിയ റുമാനിയ എന്നിവരാണ് ആദ്യ 50ൽ കാര്യമായ മുന്നേറ്റം നടത്തിയത്.