Site icon Newskerala

11 പന്തിൽ ഫിഫ്റ്റി! തുടർച്ചയായി എട്ടു സിക്സുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മേഘാലയ ബാറ്റർ; രവി ശാസ്ത്രിയുടെ റെക്കോഡും മറികടന്നു

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ അർധ സെഞ്ച്വറി സ്വന്തം പേരിലാക്കി മേഘാലയയുടെ ആകാശ് കുമാർ ചൗധരി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ 11 പന്തിലാണ് ഈ 25കാരൻ ചരിത്രം കുറിച്ചത്. തുടർച്ചയായി എട്ടു പന്തുകളാണ് താരം ഗാലറിയിലെത്തിച്ചത്. ഇംഗ്ലണ്ടിന്‍റെ വെയ്ൻ വൈറ്റിന്‍റെ റെക്കോഡാണ് താരം മറികടന്നത്. 2012ൽ ഇംഗ്ലണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ എക്സസിനെതിരെ ലെസ്റ്റർഷെയറിനുവേണ്ടി 12 പന്തിലാണ് മുൻ ഇംഗ്ലീഷ് താരം അർധ സെഞ്ച്വറി നേടിയത്. അരുണാചലിനെതിരെ എട്ടാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയാണ് ആകാശ് വെട്ടിക്കെട്ട് തീർത്തത്. ലിമാർ ദാബി എറിഞ്ഞ ഓവറിലെ ആറു പന്തും താരം സിക്സർ പറത്തി. 14 പന്തിൽ 50 റൺസ് നേടി പുറത്താകാതെ നിന്നു. കൂറ്റൻ സ്കോർ നേടിയ മേഘാലയ ആറിന് 628 റൺസെടുത്ത ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരോവറിലെ ആറു പന്തിലും സിക്സ് നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് ആകാശ്. മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി, ഗാരി സോബേഴ്സ് എന്നിവരാണ് ഒരോവറിലെ ആറു പന്തിലും സിക്സ് നേടിയ മറ്റു താരങ്ങൾ. എന്നാൽ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർച്ചയായി എട്ടു പന്തുകളിലും സിക്സ് നേടുന്ന ആദ്യതാരമാണ് ആകാശ്. 2019ലാണ് ആകാശ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 31 മത്സരങ്ങളിൽനിന്ന് 503 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. മേഘാലയക്കുവേണ്ടി അർപിത് ഭത്വേര ഇരട്ട സെഞ്ച്വറി നേടി (273 പന്തിൽ 207). കിഷൻ ലിങ്ദോ (187 പന്തിൽ 119), രാഹുൽ ദലാൽ (102 പന്തിൽ 144) എന്നിവരുടെ സെഞ്ച്വറി കൂടിയായതോടെയാണ് മേഘാലയ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോറിലെത്തിയത്. മറുപടി ബാറ്റിങ്ങിൽ ബൗളർമാരും ആളിക്കത്തിയതോടെ അരുണാചലിന്‍റെ ഇന്നിങ്സ് 73 റൺസിൽ അവസാനിച്ചു. ആര്യൻ ബോറ 9.4 ഓവറിൽ 16 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. ഫോളോ ഓൺ ചെയ്ത അരുണാചൽ രണ്ടാം ഇന്നിങ്സിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലാണ്. 526 റൺസ് പുറകിലാണ്.

Exit mobile version