സിനിമ ചിത്രീകരണത്തിന്റെ അവശിഷ്ടങ്ങൾ മലങ്കര റിസർവോയറിൽ തള്ളി; ടൊവിനോ ചിത്രത്തിന് 50,000 രൂപ പിഴ
ടൊവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം പള്ളിച്ചട്ടമ്പിക്കെതിരെ വിവാദം. ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ചിത്രീകരണത്തിന്റെ അവശിഷ്ടങ്ങൾ പുഴയോരത്ത് തള്ളിയാതായി പരാതി ലബിച്ചതിനെ തുടർന്നാണ് വിവാദമുയർന്നത്. ഇടുക്കി കുടയത്തൂരിലാണ് സിനിമ ചിത്രീകരണത്തിന്റെ അവശിഷ്ടങ്ങൾ പുഴയോരത്ത് തള്ളിയത്. പള്ളിച്ചട്ടമ്പി സിനിമക്കായി നിർമിച്ച സെറ്റിന്റെ അവശിഷ്ടങ്ങളാണ് മലങ്കര ജലാശയത്തിന്റെ തീരത്ത് തള്ളിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കുടയത്തൂർ പഞ്ചായത്ത് നിർമാതാക്കൾക്കെതിരെ 50,000 രൂപ പിഴ ചുമത്തി. വിവാദത്തെ തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ സിനിമ ചിത്രീകരണ സംഘം തന്നെ നീക്കം ചെയ്തു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കരാർ നൽകിരുന്നു എന്നും അവരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് പ്രശ്നമുണ്ടാക്കിയത് എന്നുമാണ് നിർമാതാക്കളുടെ വിശദീകരണം. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ചിത്രം ഏപ്രിൽ 9 ന് ആഗോള തലത്തിൽ പുറത്തിറങ്ങും.





