ഒടുവിൽ അതും മോഷണം തുടങ്ങി! ഹോട്ടലിൽ കയറി ഗ്യാസ് കുറ്റി മോഷ്ടിച്ചു
തിരുവനന്തപുരം: പാചകവാതകത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനിടെ, ഒടുവിൽ ഗ്യാസ് കുറ്റി മോഷണവും തുടങ്ങി. തലസ്ഥാന നഗരമായ തിരുവനന്തപുരം ചാല ആര്യശാലയിലെ ഹോട്ടലിൽനിന്നാണ് ഗ്യാസ് സിലിണ്ടർ കവർന്നത്. ആര്യശാലയിലെ വി.എസ് ഹോട്ടലിൽ ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം. കള്ളത്താക്കോൽ ഉപയോഗിച്ച് പൂട്ടഴിച്ച് അകത്തുകടന്ന കള്ളൻ അടുക്കളഭാഗത്ത് സൂക്ഷിച്ചിരുന്ന നിറച്ച സിലിണ്ടറുമായി കടന്നുകളയുകയായിരുന്നു. സി.സി.ടി.വി കാമറകൾ പ്രവർത്തിക്കാതിരിക്കാൻ ഹോട്ടലിന്റെ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ, ഇൻവെർട്ടർ സൗകര്യം ഉള്ളതിനാൽ സിസിടിവി കാമറകൾ പ്രവർത്തിച്ചു. ഇതോടെ, മോഷണ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞു. മറ്റു സാധനങ്ങൾ ഒന്നും മോഷ്ടിക്കാതെ കൃത്യമായി ഗ്യാസ് കുറ്റി മാത്രം എടുത്തുകൊണ്ടുപോയ കള്ളന് ഫ്യൂസ് എവിടെയാണെന്ന് മുൻകൂട്ടി അറിയുന്നത്, ഇയാൾക്ക് ഹോട്ടൽ നന്നായി അറിയാമെന്നതിന്റെ സൂചനയാണ്. ഫോർട്ട് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹോട്ടൽ ഉടമ പൊലീസിന് കൈമാറി.





