സാമ്പത്തിക തട്ടിപ്പ് : ടൊവിനോ ചിത്രം ‘പള്ളിചട്ടമ്പി’യുടെ നിർമ്മാതാക്കൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി
കൊച്ചി: ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാകുന്ന ‘പള്ളിചട്ടമ്പി’ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനു ഹൈക്കോടതിയിൽ ഹർജി. ദുബായ് വ്യവസായി സുനിൽ അഗർവാളാണ് പരാതി നൽകിയത്.ചിത്രത്തിന്റെ നിർമ്മാതാക്കളായ നൗഫൽ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ് എന്നിവർ കോടിക്കണക്കിന് രൂപ കടം വാങ്ങി വഞ്ചിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. പ്രതികൾക്കെതിരെ ദുബായിൽ നിലവിൽ അറസ്റ്റ് വാറന്റ് ഉണ്ടെന്നും, ഇവർ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കടന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുക്കാൻ കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഏപ്രിൽ 10-ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കേസ് തീർപ്പാക്കുന്നത് വരെ സിനിമയുടെ റിലീസ് തടയണമെന്നും ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു.





