74 വർഷത്തിനിടെ ആദ്യം; കോയമ്പത്തൂർ മേഖലയിൽ ഇടതുപാർട്ടികൾക്ക് മത്സരിക്കാൻ സീറ്റില്ല

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ ഇടതുപാർട്ടികളുടെ ശക്തികേന്ദ്രമായാണ് കോയമ്പത്തൂർ മേഖല വിലയിരുത്തപ്പെടുന്നത്. കേരളത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് തൊഴിലാളി പ്രസ്ഥാനങ്ങളും ശക്തമാണ്. സിപിഎമ്മും സിപിഐയും പലകുറി പ്രതിനിധാനം ചെയ്ത കോയമ്പത്തൂർ മേഖലയിൽ ഇടതുപാർട്ടികൾക്ക് ഇത്തവണ സീറ്റില്ല. കോയമ്പത്തൂർ മേഖലയിൽ 10 സീറ്റുകളാണ് ഉള്ളത്. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായാണ് സിപിഎമ്മും സിപിഐയും മത്സരിക്കുന്നത്. സീറ്റ് വിഭജനങ്ങൾ പൂർത്തിയാവുന്നത് വരെ മേഖലയിൽ സീറ്റ് കിട്ടുമെന്നാണ് ഇരുപാർട്ടികളും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കോയമ്പത്തൂർ ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ സിപിഎം വിജയിച്ചിട്ടുണ്ട്. പേരൂർ, സിംഗനല്ലൂർ എന്നിവിടങ്ങളിൽ രണ്ട് തവണയും സിപിഎം വിജയിച്ചിട്ടുണ്ട്. മേഖലയിലെ മറ്റൊരു മണ്ഡലമായ വാൾപ്പാറയിൽ രണ്ട് തവണ സിപിഐയും വിജയിച്ചിട്ടുണ്ട്. എന്നാൽ, മേഖലയിലെ ഒരു സീറ്റിലും ഇത്തവണ ഇടതുപാർട്ടികൾ മത്സരിക്കുന്നില്ല. തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും 1952 മുതൽ ഇതുവരെ കോയമ്പത്തൂരിലെ 10 അസംബ്ലി മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിലെങ്കിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. ഈ പാരമ്പര്യത്തിനാണ് മാറ്റം വന്നിരിക്കുന്നത്. ഡിഎംകെ നേതൃത്വം നൽകുന്ന സെക്കുലർ പ്രോഗ്രസീവ് അലയൻസിലെ സീറ്റ് വിഭജന ചർച്ചകളാണ് ഇടതുകക്ഷികൾക്ക് തിരിച്ചടിയായത്. സിപിഐയും സിപിഎമ്മും പ്രതീക്ഷിച്ചിരുന്ന വാൽപ്പാറ, സിംഗനല്ലൂർ സീറ്റുകൾ ഇത്തവണ അവർക്ക് ലഭിച്ചില്ല. സിംഗനല്ലൂർ,കൗണ്ടംപാളയം സീറ്റുകൾ കോൺഗ്രസിനാണ് ലഭിച്ചത്.’വ്യവസായ മേഖലയായ കോയമ്പത്തൂരിൽ തൊഴിലാളികൾക്ക് വേണ്ടി നിരന്തരം പോരാടുന്ന ഇടതുകക്ഷികൾക്ക് സീറ്റില്ലാത്തത് പ്രവർത്തകരെ നിരാശരാക്കിയേക്കാം. എങ്കിലും സ്വകാര്യവൽക്കരണത്തെയും കോർപ്പറേറ്റ് അനുകൂല നയങ്ങളെയും പിന്തുണയ്ക്കുന്ന ശക്തികളെ പരാജയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് സിപിഐ സംസ്ഥാന ട്രഷറർ എം.അറുമുഖം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button