സന്തോഷ് ട്രോഫി മുൻ താരം എം.ഡി.എം.എയുമായി പിടിയിൽ
തിരുവനന്തപുരം: എം.ഡി.എം.എയുമായി സന്തോഷ് ട്രോഫി മുൻ താരം നജീബ് ഖാൻ (50) പിടിയിൽ. ഹോട്ടലുകൾ കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽക്കുന്നതിനിടെയാണ് നജീബ് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് സീനിയർ സൂപ്രണ്ട് കൂടിയാണ് നജീബ് ഖാൻ. ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനക്കിടെയാണ് അറസ്റ്റ്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് സ്ക്വാഡ് അംഗങ്ങളെ ഹോട്ടലിൽ വിന്യസിച്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പ്രത്യേക മൊബൈൽ ആപ്പ് വഴി ആളുകളെ കണ്ടെത്തി എം.ഡി.എം.എ എത്തിച്ചുനൽകുകയായിരുന്നു ഇയാളുടെ പതിവ്. ഇതിനായി വലിയ ശ്യംഖപ്യുണ്ടെന്നാണ് വിവരം. പ്രമുഖരുൾപ്പെടെ എം.ഡി.എം.എക്കായി നജീബിനെ സമീപിക്കുന്നതായും കണ്ടെത്തി. ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോക് അറിയിച്ചു. നാല് ഗ്രാം എം.ഡി.എം.എയാണ് പ്രതിയിൽനിന്ന് കണ്ടെടുത്തത്. ഇയാൾ മണക്കാട് വാടകക്ക് താമസിക്കുകയാണ്.





