മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയ കേസ്; 36 വർഷത്തിന് ശേഷം പ്രതി പിടിയിൽ

ന്യൂഡൽഹി: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നരപ്പതിറ്റാണ്ടിന് ശേഷം പ്രതി പിടിയിൽ. 1989ൽ ജമ്മു കശ്മീരിൽ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയ്യ സയീദിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഷഫാത്ത് അഹമ്മദ് ഷുൻ​ഗ്ലു എന്നയാളാണ് 36 വർഷങ്ങൾ‌ക്ക് ശേഷം പിടിയിലാവുന്നത്. സാക്ഷികളുടെയും റുബയ്യ സയീദിന്റേയും മൊഴികളുടേയും അടിസ്ഥാനത്തിലാണ് ഷഫാത്ത് അഹമ്മദിന്റെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. നാവ്​ഗോണിലെ വീട്ടിൽനിന്നും ലാൽ ചൗക്കിലെ ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു റുബയ്യയെ തട്ടിക്കൊണ്ടുപോയത്. മകളെ കാണാതായി രണ്ട് മണിക്കൂറിന് ശേഷം, മുഫ്തി മുഹമ്മദ് സയീദിന് ഒരു ഫോൺ കോൾ വന്നു. റുബയ്യയെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു ആ കോൾ.സംഭവത്തിൽ തലയ്ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ട ഷഫാത്തിനെ തിങ്കളാഴ്ച ശ്രീന​ഗറിൽ നിന്നാണ് സിബിഐ പിടികൂടുന്നത്. പ്രതിയെ ജമ്മുവിലെ ടാഡ കോടതിയിൽ ഹാജരാക്കി. തട്ടിക്കൊണ്ടുപോകലിൽ ജമ്മു ആൻഡ് കശ്മീർ ലിബറേഷൻ ഫ്രണ്ടിന് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ജെകെഎൽഎഫ് തലവൻ യാസിൻ മാലിക്കായിരുന്നു ഓപ്പറേഷന് നേതൃത്വം നൽകിയതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തട്ടിക്കൊണ്ടുപോകൽ കേസിലെ മുഖ്യ പ്രതിയായ മാലിക്കിനെ, 2023 മേയിൽ ഭീകരവാദ ധനസഹായ കേസിൽ പ്രത്യേക എൻഐഎ കോടതി ശിക്ഷിച്ചു. ഇയാൾ നിലവിൽ‌ തിഹാർ ജയിലിലാണ്. പ്രതികളുടെ ആവശ്യപ്രകാരം, റുബയ്യയുടെ മോചനത്തിനായി സായുധ സംഘടനാ അം​ഗങ്ങളായ അഞ്ച് പേരെ വിട്ടയയ്ക്കാമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചു. മോചിപ്പിക്കപ്പെട്ടവരിൽ ചിലർ 1999ൽ കാണ്ഡഹാറിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത സംഭവത്തിൽ പങ്കാളികളായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല ഈ അഞ്ച് പേരുടെ മോചനത്തെ എതിർത്തിരുന്നു. ജമ്മു കശ്മീരിലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)യുടെ സ്ഥാപകനായ മുഫ്തി മുഹമ്മദ് സയീദ് സംസ്ഥാനത്തെ ആറാമത്തെ മുഖ്യമന്ത്രിയും 1986ൽ രാജീവ് ഗാന്ധി മന്ത്രിസഭയിലെ ടൂറിസം മന്ത്രിയുമായിരുന്നു. തുടർന്ന് 1989ൽ വി.പി സിങ് മന്ത്രിസഭയിലാണ് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button