മുത്തശ്ശിക്കടുത്ത് ഉറങ്ങിക്കിടന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

കൊൽക്കത്ത: മുത്തശ്ശിക്കടുത്ത് ഉറങ്ങിക്കിടന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കൊൽക്കത്തയിലെ ഹൂഗ്ളിയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അ​രങ്ങേറിയത്. താരകേശ്വറിലെ റെയിൽവേ ഷെഡിൽ നിന്നാണ് വെള്ളിയാഴ്ച പുലർച്ചെ കുഞ്ഞിനെ അക്രമി തട്ടിക്കൊണ്ടുപോയത്. ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ ശനിയാഴ്ച ഉച്ചയോടെ താരകേശ്വർ റെയിൽവേ ഹൈ ഡ്രെയിനിന് സമീപം കുട്ടിയെ വിവസ്ത്രയായി രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താരകേശ്വർ ഗ്രാമീൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുക​യാണ്. കൊതുകുവലക്ക് കീഴിൽ ഒരു കട്ടിലിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കൊതുകുവല കീറി എടുത്തുകൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബഞ്ചാര സമുദായത്തിൽ പെട്ട കുടുംബത്തിന് സ്വന്തമായി വീടില്ലാത്തതോടെ തെരുവിലാണ് കഴിഞ്ഞിരുന്നത്. ‘അവൾ എന്നോടൊപ്പം ഉറങ്ങുകയായിരുന്നു. പുലർച്ചെ ആരോ അവളെ തട്ടിക്കൊണ്ടുപോയി. ഞങ്ങൾ ഉറങ്ങിയിരുന്ന കൊതുകുവല മുറിച്ചാണ് കുഞ്ഞിനെ കൊണ്ടുപോയത്. ഞങ്ങളുടെ വീടുകൾ അവർ തകർത്തതിനാൽ ഇ​പ്പോൾ തെരുവുകളിലാണ് താമസം. ഞങ്ങൾ എവിടേക്ക് പോകും? ഞങ്ങൾക്ക് വീടുകളില്ല,’ പെൺകുട്ടിയുടെ മുത്തശ്ശി കണ്ണീരോടെ പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയൽ നിയമം (പോക്സോ) പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതായി താരകേ​ശ്വർ പൊലീസ് പറഞ്ഞു. അതേസമയം, കേസിൽ പോലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി. സർക്കാറിന്റെ മുഖം രക്ഷിക്കാൻ പൊലീസ് കേസിൽ മെല്ലെപ്പോക്ക് തുടരുകയാണെന്നും ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എക്‌സിൽ കുറിച്ചു. അതേസമയം, സമയബന്ധിതമായി കേസെടുത്തിട്ടുണ്ടെന്നും അക്രമികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും താരകേശ്വർ പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button