കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും, ലഹരി ഇടപാടുകൾ വെളിപ്പെടുത്തും’; കോഴിക്കോട്ട് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം
‘
കോഴിക്കോട്: കോഴിക്കോട് കൈതപ്പൊയിലിലെ അപാര്‍ട്ട്മെന്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയ കാക്കൂർ സ്വദേശിനിയായ ഹസ്നയുടെ ശബ്ദസന്ദേശം പുറത്ത്. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങുമെന്നും ലഹരി ഇടപാടുകൾ വെളിപ്പെടുത്തുമെന്നും കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ‘എന്റെ ജീവിതം പോയി. നിങ്ങൾ അടിക്കുന്ന ലഹരിയുടെ വിവരങ്ങൾ ഉൾപ്പെടെ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ വെളിപ്പെടുത്തും. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും. പൊലീസിന്റെ കൈയിൽ നിന്നല്ലേ നിങ്ങൾ രക്ഷപെടൂ, ഞാൻ സോഷ്യൽമീഡിയയിലൂടെ പുറത്തുവിടും’- ശബ്ദസന്ദേശത്തിൽ പറയുന്നു. ഈ മാസം ഒന്നിന് രാവിലെയാണ് 34കാരി ഹസ്നയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹ മോചിതയായിരുന്ന ഹസ്ന അഞ്ചു മാസമായി പുതുപ്പാടി സ്വദേശി ആദിലിനൊപ്പമായിരുന്നു താമസം. ആദിലിന്റെ ലഹരിയിടപാടും ക്രിമിനൽ പശ്ചാത്തലവും നാട്ടുകാരും കുടുംബവും പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹസ്‌നയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് മാസങ്ങൾക്ക് മുമ്പ് ഹസ്‌ന തന്റെ പിതാവിന്റെ ഫോണിൽ നിന്ന് ആദിലിന് അയച്ച ശബ്ദസന്ദേശം പുറത്തുവരുന്നത്. നിലത്ത് കാൽ തട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും വാതിൽ തുറന്നിട്ട നിലയിലായിരുന്നെന്നും കുടുംബക്കാർ പറയുന്നു. ഈ സമയം, തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ആദിലാണ് ഹസ്‌ന ആത്മഹത്യ ചെയ്‌തെന്ന് കുടുംബത്തെ വിളിച്ചറിയിക്കുന്നത്. മരണത്തിൽ ഇതുവരെ ഹസ്‌നയുടെ കുടുംബത്തിന്റെ മൊഴിയെടുക്കാനും പൊലീസ് തയാറായിട്ടില്ല. ശബ്ദസന്ദേശം പൊലീസിന് കൈമാറുമെന്നും ആദിലിനെ ചോദ്യം ചെയ്യണമെന്നും നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. കൊടി സുനിയുടെയടക്കമുള്ളവരുടെ പേരുകൾ പുറത്തുവന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു. മരണത്തിന്റെ തലേദിവസം ഹസ്ന ഉമ്മയെ വിളിച്ച് വീട്ടിലേക്ക് മടങ്ങാൻ താത്പര്യം അറിയിച്ചിരുന്നു. ഇവിടത്തെ പ്രശ്നങ്ങള്‍ എല്ലാം തീര്‍ത്ത ശേഷം താന്‍ വീട്ടിലേക്ക് വരുമെന്നും മകനൊപ്പം ഇനി നന്നായി ജീവിക്കണമെന്നും പറഞ്ഞതായി ബന്ധു പറഞ്ഞിരുന്നു. പിന്നാലെ ഹസ്നയെ വിളിച്ചു നോക്കിയപ്പോള്‍ ആദിലാണ് ഫോണെടുത്തതെന്നും തലവേദന കാരണം കിടക്കുകയാണെന്നും ഉമ്മയോട് പറഞ്ഞു. പിന്നാലെ ഇയാള്‍ തന്നെ വീട്ടിലേക്ക് വിളിച്ച് ഹസ്ന ആത്മഹത്യ ചെയ്ത കാര്യം അറിയിക്കുകയായിരുന്നു.





