സ്കൂൾ യൂനിഫോമിൽ മദ്യം വാങ്ങാനെത്തി പെൺകുട്ടികൾ; വൻ പ്രതിഷേധം
ഭോപാൽ: മദ്യം വാങ്ങാനായി പെൺകുട്ടികൾ കൂട്ടമായി സ്കൂൾ യൂനിഫോമിൽ എത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മാണ്ട്‍ലയിലെ നൈൻപൂർ ജില്ലയിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് മദ്യം വാങ്ങിക്കാൻ എത്തിയത്. ആളെ തിരിച്ചറിയായിരിക്കാനെന്നോണം ഇവരുടെ തല ഭാഗികമായി മറച്ചിട്ടുണ്ട്. ഇവരെല്ലാം മദ്യഷാപ്പിന്റെ കടയിലെത്തി കൗണ്ടറിൽ പണം നൽകി മദ്യക്കുപ്പികളുമായി പുറത്തേക്ക് പോവുകയാണ്. കടയിലെ സി.സി.ടി.വി ഫൂട്ടേജാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംസ്ഥാനത്തെ നിയമപാലനത്തെയും സാമൂഹിക അവബോധത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്ന വിഡിയോക്കെതിരെ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.സ്കൂൾ വിദ്യാർഥിനികൾക്ക് കടയുടമ മദ്യം നൽകിയത് കടുത്ത നിയമലംഘനമാണെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. വിഡിയോ പ്രചരിച്ച ഉടൻ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അശുതോഷ് താക്കൂർ, തഹസിൽദാറും പ്രാദേശി പൊലീസുമായി മദ്യഷോപ്പിലെത്തി അന്വേഷണം നടത്തി. സി.സി.ടി.വി ദൃശ്യങ്ങളും ഇവർ പരിശോധിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കാണ് മദ്യം നൽകിയതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മദ്യഷാപ്പുകൾക്കുള്ള ലൈസൻസ് വ്യവസ്ഥകൾ ലംഘിക്കുന്നതാണ് ഈ നടപടി. മദ്യനിയമമനുസരിച്ച് കുറ്റകൃത്യവും. തുടർന്ന് എക്സൈസ് വകുപ്പിനോട് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എസ്.ഡി.എം നിർദേശം നൽകി. കടയുടമയെയും ചോദ്യം ചെയ്തു. പെൺകുട്ടികൾ സ്വമേധയാ മദ്യം വാങ്ങാൻ വരികയായിരുന്നോ അതോ മറ്റാരുടെയെങ്കിലും പ്രേരണയാലാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ”പെൺകുട്ടികൾ മദ്യം വാങ്ങാനെത്തി എന്നത് സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. റിപ്പോർട്ട് ഉടൻ കലക്ടർക്ക് കൈമാറും. മദ്യശാലയുടെ ലൈസൻസ് റദ്ദാക്കി പിഴയും ഈടാക്കും. അതുപോലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മദ്യം നൽകിയ കടയിലെ ജീവനക്കാരനെയും സസ്പെൻഡ് ചെയ്യും. ലൈസൻസ് വ്യവസ്ഥകളിലെ ഉപാധികൾ ലംഘിച്ചാണ് പെൺകുട്ടികൾക്ക് മദ്യം നൽകിയത്”-എക്സൈസ് ഓഫിസർ റാംജി പാൻഡെ പറഞ്ഞു. കടയുടമക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെയും ആവശ്യം. ഇങ്ങനെ പരസ്യമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മദ്യം വാങ്ങിപ്പോകാൻ സാഹചര്യമുണ്ടായത് എങ്ങനെയാണെന്നും അവർ ചോദിക്കുന്നു. വിഷയം രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.”മധ്യപ്രദേശിൽ വർധിച്ചുവരുന്ന മദ്യപാനം ഉയർത്തിക്കാട്ടുന്നതിനായി ജിതു പട്വാരി കേന്ദ്ര സർക്കാർ റിപ്പോർട്ട് ഉദ്ധരിച്ചപ്പോൾ ബി.ജെ.പി നേതാക്കൾ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. എന്നാൽ ഇന്ന് നൈൻപൂരിൽ സ്കൂൾ വിദ്യാർഥിനികൾ മദ്യം വാങ്ങിപ്പോകുന്ന സംഭവം പുറത്തുവരുമ്പോൾ അതേ നേതാക്കളും അവരുടെ വനിതാ ശക്തിയും എവിടെയാണ്?”-എന്നായിരുന്നു കോൺഗ്രസ് ജില്ലാ പ്രസിഡന്റും മുൻ എം.എൽ.എയുമായ ഡോ. അശോക് മാർസ്കോളിന്റെ ചോദ്യം.





