ആഗോളവിപണിയിൽ സ്വർണത്തിന് വൻ കുതിപ്പ്; കേരളത്തിലും വില ഇനിയും വർധിക്കും
ന്യൂഡൽഹി: ആഗോളവിപണിയിൽ സ്വർണത്തിന് റെക്കോഡ് വില വർധന. സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നതാണ് മഞ്ഞലോഹത്തിന് കരുത്താകുന്നത്. ചൈനയുമായുള്ള വ്യാപാരയുദ്ധം മൂലം യു.എസ് സമ്പദ്‍വ്യവസ്ഥയിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളാണ് സ്വർണവില ഉയരാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1.2 ശതമാനം ഉയർന്ന് 4,379 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 2008ന് ശേഷം ഇതാദ്യമായാണ് സ്വർണവില ഒരാഴ്ചയിൽ ഇത്രയും കൂടുതൽ ഉയരുന്നത്. ഈ മാസത്തിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാൻ സാധ്യതയുണ്ട്. ഇതും സ്വർണവില ഉയരാനുള്ള പ്രധാനകാരണങ്ങളിലൊന്നാണ്. മൂന്ന് വർഷത്തിനിടെ സ്വർണവിലയിൽ 165 ശതമാനം വർധനവാണ് ഉണ്ടായത്. 2022ൽ സ്വർണവില ഔൺസിന് 1649 ഡോളറായിരുന്നു. മൂന്ന് വർഷം കൊണ്ട് വില ഇരട്ടിയായി 4,380 ഡോളറായും ഉയർന്നു. ഈ വർഷം മാത്രം 65 ശതമാനം വർധനവാണ് സ്വർണത്തിനുണ്ടായത്. കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങാൻ കൂടുതൽ താൽപര്യം കാണിച്ചതും ഇ.ടി.എഫുകളിലേക്ക് നിക്ഷേപം ഒഴുകിയതും സ്വർണവില ഉയരുന്നതിനുള്ള പ്രധാന കാരണമായി. ഇതിനൊപ്പം രാഷ്ട്രീയ-സാമ്പത്തിക മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും വില ഉയരുന്നതിനുള്ള കാരണമായി.സ്വർണത്തിനൊപ്പം വെള്ളിവിലയും ഉയരുകയാണ്. ഔൺസിന് 54.37 ഡോളറായാണ് വെള്ളിവില ഉയർന്നത്. ബുധനാഴ്ച രാവിലെയും ഉച്ചക്കും 400 രൂപ വീതമാണ് പവന് വർധിച്ചത്. ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി 11,865 രൂപയും പവന് 400 കൂടി 94,920 രൂപയുമാണ് ആയത്. ഈ വിലയിൽ വ്യാഴാഴ്ചയും മാറ്റമുണ്ടായില്ല. ഗ്രാമിന് പത്ത് രൂപ കൂടി പവൻ വില 97,000 രൂപയിലെത്തി നിൽക്കുന്നു
