Site icon Newskerala

തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപിയില്‍ ഗ്രൂപ്പ് പോര്; രാജീവ് ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ച വനിതാ സ്ഥാനാര്‍ഥിയെ അവസാന നിമിഷം വെട്ടി; പ്രവര്‍ത്തകരുടെ എതിര്‍പ്പെന്നു വിശദീകരണം; വെട്ടിമാറ്റിയത് മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചയാളെ

തൃശൂര്‍: കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നു കുട്ടന്‍കുളങ്ങര ഡിവിഷനില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ബിജെപി. ഡോ. വി. ആതിര മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് എം. ശ്രീവിദ്യയെ സ്ഥാനാര്‍ഥിയാക്കിയത്. ആതിര അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണു മറ്റൊരാളെ മത്സരിപ്പിക്കുന്നതെന്നാണ് വിശദീകരണം.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നോമിനിയെന്ന നിലയിലാണ് ഡോ. വി. ആതിരയെ കുട്ടന്‍കുളങ്ങരയില്‍ അവതരിപ്പിച്ചത്. സുരേഷ് ഗോപി പങ്കെടുത്ത യോഗത്തിലും മേയര്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ആതിരയെ പുകഴ്ത്തി രംഗത്തുവന്നു. എന്നാല്‍, പൂങ്കുന്നം ഡിവിന്റെ പ്രതിനിധിയായപ്പോള്‍ പ്രകടനം മോശമായെന്നും കുളമാക്കിയെന്നുമാണു പ്രവര്‍ത്തകരുടെ ആരോപണം. ഉദയനഗര്‍ റോഡിന്റെ തകര്‍ച്ചയിലടക്കം നടപടിയെടുത്തില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. തൊട്ടടുത്ത ഡിവിഷനുകളിലെ ബിജെപി സ്ഥാനാര്‍ഥികളും ഇവര്‍ക്കെതിരേ അതൃപ്തി അറിയിച്ചിട്ടുണ്ട്. കുട്ടന്‍കുളങ്ങരയില്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞതും വന്‍ വിവാദമായിരുന്നു.

കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിലവിലെ കൗണ്‍സിലറോട് അഭിപ്രായം തേടുക പോലും ചെയ്യാതെ 2020ല്‍ ബി. ഗോപാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ രംഗത്തിറക്കിയെങ്കിലും വന്‍ തോല്‍വി നേരിട്ടു. കൈയിലുണ്ടായിരുന്ന ഡിവിഷന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതു പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലാണ് ആതിരയെ രംഗത്തിറക്കിയതെങ്കിലും പ്രദേശിക എതിര്‍പ്പ് തിരിച്ചടിയായി. ആതിര മത്സരിച്ച പൂങ്കുന്നം ഡിവിഷന്‍ രഘുനാഥ് സി. മേനോനു നല്‍കുകയും ചെയ്തു. രണ്ടു ഡിവിഷനുകളും ബിജെപിക്കു ശക്തമായ അടിത്തറയുണ്ട്. അവസാന സമയത്തെ തര്‍ക്കം വിജയപ്രതീക്ഷയെ ബാധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്.
മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നയാള്‍ കൂടിയാണ് ആതിരയെന്നിരിക്കെ ജില്ലയിലെ ഒരു ഗ്രൂപ്പ് ആണ് തുരങ്കംവച്ചു രംഗത്തെത്തിയതെന്നും ആരോപണമുണ്ട്. ജില്ലാ പ്രസിഡന്റിന്റെ വിരുദ്ധ ചേരിയുടെ നേതാവ് കൂടിയാണ് ഇയാള്‍. കൊടകര കുഴല്‍പ്പണ കേസിലടക്കം ആരോപണ വിധേയനായ നേതാവ് ആതിരയുടെ വീട്ടിലെത്തി സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്‍മാറാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തുവെന്നും പറയുന്നു. ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റ് അംഗത്തെ സമ്മാനിച്ച തൃശൂരില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കുകയെന്ന മറ്റൊരു ചരിത്രം കുറിക്കാനുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ശ്രമത്തെ അട്ടിമറിക്കാനാണ് ഇവരുടെ ശ്രമമെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വത്തിനും ആര്‍.എസ്.എസ് നേതൃത്വത്തെയും ഇക്കാര്യം അറിയിച്ചുവെന്നാണ് പറയുന്നത്. നേതൃത്വം അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വലിയ നഷ്ടമാവും ഉണ്ടാവുകയെന്ന മുന്നറിയിപ്പും നേതാക്കളും പ്രവര്‍ത്തകരും നല്‍കുന്നു.

Exit mobile version