മലപ്പുറം ജില്ലയിൽ ചരിത്രതോൽവിഷെബീൻ മെഹബൂബ് മലപ്പുറം: മലപ്പുറത്തെ മുൻനിർത്തി വെള്ളാപ്പള്ളി നടേശനും മറ്റും നടത്തിയ വിദ്വേഷ പ്രചാരണങ്ങൾക്ക് മൗനാനുവാദം നൽകിയതും ഭൂരിപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് തുടർച്ചയായി നടത്തിയ ധ്രുവീകരണ കാമ്പയിനും ജില്ലയിൽ ഇടതുപക്ഷത്തെ എത്തിച്ചത് സമ്പൂർണ തോൽവിയിലേക്ക്. സംസ്ഥാനത്തൊട്ടാകെ മതനിരപേക്ഷ വോട്ടുകളിൽ നല്ലൊരു പങ്ക് സി.പി.എമ്മിൽനിന്ന് യു.ഡി.എഫിലേക്ക് ഒഴുകാനും ഇത് കാരണമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് വിജയിച്ച 11,103 തദ്ദേശ വാർഡുകളിൽ 1934ഉം മലപ്പുറം ജില്ലയിൽനിന്നാണ്. മലപ്പുറം ജില്ല പഞ്ചായത്തിൽ സംപൂജ്യരായ എൽ.ഡി.എഫിന് ബാക്കി 121 തദ്ദേശ സ്ഥാപനങ്ങളിൽ വെറും നാലെണ്ണംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കണ്ട, എൽ.ഡി.എഫിൽനിന്നുള്ള ന്യൂനപക്ഷ വോട്ടുകളുടെ കുത്തിയൊഴുക്ക് തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടത്തിയ മലപ്പുറം വിരുദ്ധ പരാമർശം ന്യൂനപക്ഷങ്ങളിലുണ്ടാക്കിയ അവിശ്വാസം വലുതായിരുന്നു. പി.വി. അൻവർ ഉന്നയിച്ച പ്രധാന വിഷയം പൊലീസിനെ ഉപയോഗിച്ച് മലപ്പുറത്തെ ക്രിമിനൽ തലസ്ഥാനമാക്കാൻ ശ്രമിക്കുന്നെന്നതായിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഏപ്രിൽ നാലിന് നിലമ്പൂർ ചുങ്കത്തറയിൽ വെള്ളാപ്പള്ളി മലപ്പുറവുമായി ബന്ധപ്പെട്ട വിദ്വേഷ കാമ്പയിന് തുടക്കമിട്ടു. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണിതെന്നും സ്വതന്ത്രമായി വായു ശ്വസിക്കാനും അഭിപ്രായം പറയാൻ പോലും കഴിയില്ലെന്ന തരത്തിലുമുള്ള ഗുരുതര പരാമർശങ്ങൾ അന്ന് വെള്ളാപ്പള്ളി നടത്തി. പൊലീസിൽ പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന് മാത്രമല്ല, ദിവസങ്ങൾക്കുശേഷം ഏപ്രിൽ 11ന് എസ്.എൻ.ഡി.പി യോഗം ചേര്ത്തല യൂനിറ്റ് സംഘടിപ്പിച്ച സ്വീകരണപരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുകയും വെള്ളാപ്പള്ളിയുടേത് നാക്കുപിഴയാണെന്ന് പറഞ്ഞ് പിന്തുണ നൽകുകയും ചെയ്തു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2021 നിയമസഭ തെരഞ്ഞെടുപ്പിലും മുസ്ലിം വോട്ടുകളിൽ നല്ലൊരു പങ്ക് ഇടതുപക്ഷത്തെ തുണച്ചിരുന്നു. 2021ൽ 16ൽ നാല് സീറ്റിൽ ഇടതുപക്ഷം ജയിച്ചു. പെരിന്തൽമണ്ണയിൽ വെറും 38 വോട്ടിനാണ് തോറ്റത്.


