കനത്തമഴയും മണ്ണിടിച്ചിലും; ബംഗാളിൽ പാലം തകർന്ന് ഏഴ് മരണം
കൊൽക്കത്ത: പശ്ചിമബംഗാളിൽ കനത്ത മഴയെ തുടർന്ന് ഡാർജിലിംഗിലുള്ള പാലം തകർന്ന് ഏഴ് പേർ മരിച്ചു. മിരിക്കിനും കുർസിയോങിനും ഇടയിലുള്ള ഇരുമ്പ് പാലമാണ് തകർന്നത്. സംസ്ഥാനത്ത് കഴിഞ്ഞ മണിക്കൂറുകളായി അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കനത്ത മഴയിലും മണ്ണിടിച്ചിലിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് വലിയ തോതിൽ ഗതാഗത തടസവും അടിസ്ഥാനസൗകര്യങ്ങൾക്ക് നാശനഷ്ടവും സംഭവിച്ചു. ഡാർജിലിംഗ്, കലിംപോങ്, സിക്കിം തുടങ്ങിയ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. കനത്ത മഴയെ തുടർന്ന് 14 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തതു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നാണ് നിഗമനം.അപകടസാധ്യതാ പ്രദേശങ്ങളിൽ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. അപകടമേഖലകളിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിതാമസിപ്പിക്കാൻ ജനങ്ങളോട് അധികൃതർ നിർദേശിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കലിംപോങ്, കൂച്ച്ബെഹാർ, ജൽപായ്ഗുരി, അലിപുർദുവാർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
