ഇറാന്റെ മണ്ണില്‍ കാലുകുത്തിയാല്‍ അമേരിക്കയെ കാത്തിരിക്കുന്നത് നരകം; പ്രതിരോധിക്കാന്‍ 10 ലക്ഷം സൈനികര്‍ സജ്ജമെന്ന് ഇറാന്‍

ടെഹ്റാന്‍: ഇറാന്റെ മണ്ണില്‍ അമേരിക്ക നടത്തുന്ന ഏതൊരു കരയുദ്ധവും ആത്മഹത്യാപരമായിരിക്കുമെന്നും അമേരിക്കന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ 10 ലക്ഷം പോരാളികളെ അണിനിരത്തുമെന്നും ഇറാന്‍.
അമേരിക്കന്‍ സേനയ്ക്ക് ഇറാനില്‍ നരകം സൃഷ്ടിക്കാന്‍ പാകത്തില്‍ സൈന്യം സജ്ജമാണെന്ന് ഇറാന്‍ ഭരണനേതൃത്വം ഉറപ്പിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്നിം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഖാര്‍ഗ് ദ്വീപിനെ സംരക്ഷിക്കുന്നതിലാണ് ടെഹ്റാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദക്ഷിണ ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക മുതിരുന്നത് ‘ചരിത്രപരമായ മണ്ടത്തരമായിരിക്കും’ എന്നും സൈനിക വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിലവിലുള്ള ദശലക്ഷക്കണക്കിന് സൈനികര്‍ക്ക് പുറമെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാസിജ് അര്‍ദ്ധസൈനിക സേനയിലേക്കും ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലേക്കും ചേരാന്‍ ഇറാനിയന്‍ യുവാക്കള്‍ വ്യാപകമായി മുന്നോട്ടുവരുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
മേഖലയിലെ താവളങ്ങളില്‍ പോലും സ്വന്തം സൈനികരെ സംരക്ഷിക്കാന്‍ കഴിയാത്ത അമേരിക്കയ്ക്ക് ഇറാനിയന്‍ മണ്ണില്‍ അവരെ എങ്ങനെ സുരക്ഷിതരാക്കാനാവുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗര്‍ ഖാലിബാഫ് ചോദിച്ചു. യു.എസ് സൈനികര്‍ നിലവില്‍ ഹോട്ടലുകളിലും പാര്‍ക്കുകളിലും ഒളിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
തുടര്‍ച്ചയായ ഇറാനിയന്‍ ആക്രമണങ്ങളെത്തുടര്‍ന്ന് യു.എസ് സേനയ്ക്ക് തങ്ങളുടെ താവളങ്ങളില്‍ നിന്ന് മാറേണ്ടി വന്നതായി ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലെബനന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ സിവിലിയന്‍ കേന്ദ്രങ്ങളിലും ഹോട്ടലുകളിലും യു.എസ് സൈന്യം സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്. സിവിലിയന്‍ കേന്ദ്രങ്ങളെ മറയാക്കുന്നതിനെതിരെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 28 ന് ഇറാനെതിരെ യു.എസും ഇസ്രഈലും ഏകപക്ഷീയമായി ആക്രമണം ആരംഭിച്ചതുമുതല്‍ ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അമേരിക്കന്‍ കേന്ദ്രങ്ങളില്‍ നിരന്തരം പ്രത്യാക്രമണം നടത്തുന്നുണ്ട്. നിലവില്‍ 40,000ത്തോളം യു.എസ് സൈനികര്‍ മേഖലയിലുണ്ടെങ്കിലും പലരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരിക്കുകയാണ്.
അതേസമയം, യു.എസ് സൈനികര്‍ക്കിടയില്‍ വന്‍ മാനസിക സമ്മര്‍ദവും നിരാശയും പടരുന്നതായി ഹഫ്പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സമ്മര്‍ദത്തിന് വഴങ്ങി പ്രസിഡന്റ് ട്രംപ് ആരംഭിച്ച ഈ യുദ്ധത്തില്‍ ‘ഇസ്രഈലിനുവേണ്ടി മരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല’ എന്ന് പല സൈനികരും വെളിപ്പെടുത്തിയതായി ട്രംപിന്റെ ഒരു മുതിര്‍ന്ന ഉപദേഷ്ടാവ് തന്നെ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ ട്രംപ് ആലോചിക്കുന്നുണ്ടെങ്കിലും, ഇറാനിയന്‍ സിവിലിയന്മാരെ ലക്ഷ്യം വയ്ക്കുന്ന ‘ഭീകര സേനകളെ’ എവിടെ കണ്ടാലും ഇല്ലാതാക്കുമെന്ന് ഐ.ആര്‍.ജി.സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഇറാനുമായുള്ള ചര്‍ച്ചകളെക്കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി സംസാരിക്കുമ്പോഴും, മറുവശത്ത് ശക്തമായ സൈനിക ഓപ്ഷനുകള്‍ പെന്റഗണ്‍ തയ്യാറാക്കുന്നുണ്ട്.
പുതുതായി വിന്യസിക്കുന്ന 10,000 സൈനികരില്‍ 82ാമത് എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള 2,000 സൈനികര്‍ ഉള്‍പ്പെടെ 7,000 ഉദ്യോഗസ്ഥര്‍ മേഖലയിലേക്ക് നീങ്ങിക്കഴിഞ്ഞതായി സൂചനയുണ്ട്.

ഇറാന്‍ അഭ്യര്‍ത്ഥന പ്രകാരം ഊര്‍ജ നിലയങ്ങള്‍ക്കെതിരായ ആക്രമണം ഏപ്രില്‍ 6 വരെ നീട്ടിവെച്ചതായി ട്രംപ് അവകാശപ്പെട്ടെങ്കിലും, രാജ്യം ഔദ്യോഗികമായി അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് മധ്യസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. നേരിട്ടുള്ള ചര്‍ച്ചകളെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവനകള്‍ ഇറാന്‍ തന്നെ നിഷേധിച്ചിട്ടുമുണ്ട്.
ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ സൈനിക വിന്യാസം നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button