ഒളിക്യാമറയില്‍ ഓഫീസിലെ അശ്ലീല ദൃശ്യങ്ങള്‍, ഒപ്പം ഒന്നിലേറെ സ്ത്രീകള്‍; കര്‍ണാടക ഡിജിപിക്ക് സസ്‌പെന്‍ഷന്‍
ബെംഗളൂരു: ഓഫീസിനുള്ളില്‍ വച്ച് യുവതികളോടൊപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പുറത്തുവന്നതിനു പിന്നാലെ കര്‍ണാടക സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഡിജിപി കെ. രാമചന്ദ്രറാവുവിനെ സസ്പെന്‍ഡ് ചെയ്തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അങ്ങേയറ്റം അതൃപ്തി പ്രകടിപ്പിച്ചതായും ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.വിവിധ സമയങ്ങളിലായി ഒന്നിലേറെ യുവതികളുമായി രാമചന്ദ്രറാവു ഓഫീസിനുള്ളില്‍ വെച്ച് അടുത്തിടപഴകുന്നതും ചുംബിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് ഒളിക്യാമറയിലൂടെ പുറത്തുവന്നത്. ഓഫീസ് സമയത്തായിരുന്നു ഇവ. മൂന്ന് ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതില്‍ രണ്ടിലും യൂണിഫോമിലാണ് രാമചന്ദ്രറാവു. 2017ല്‍ രാമചന്ദ്രറാവു നോര്‍ത്തേണ്‍ റേഞ്ച് ഇന്‍സ്‌പെക്ടറായിരുന്ന സമയത്തെ ദൃശ്യങ്ങളാണിതെന്നാണ് പറയപ്പെടുന്നത്. അതേസമയം, വ്യാജ വീഡിയോയാണ് പ്രചരിക്കുന്നതെന്നാണ് രാമചന്ദ്രറാവുവിന്‌റെ വാദം. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജമായി നിര്‍മിച്ച വീഡിയോയാണിത്. അഭിഭാഷകനുമായി സംസാരിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും രാമചന്ദ്രറാവു പ്രതികരിച്ചു. മകളും നടിയുമായ രന്യ റാവു സ്വര്‍ണക്കടത്തിന് പിടിയിലായ സംഭവത്തില്‍ വിവാദത്തിലായ പൊലീസ് ഉദ്യോഗസ്ഥനാണ് രാമചന്ദ്രറാവു. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന പ്രോട്ടോക്കോള്‍ ഉപയോഗിച്ച് സുരക്ഷാ പരിശോധനകളില്‍ നിന്ന് ഒഴിവായി വിദേശത്തു നിന്ന് സ്വര്‍ണം കടത്തിയ സംഭവത്തില്‍ രന്യ റാവു അറസ്റ്റിലായിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ രാമചന്ദ്രറാവുവിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു.





