ഹിജാബ് വിവാദം: കുട്ടിയെ കോടതി വിധി വരും വരെ സ്കൂൾ മാറ്റുന്നില്ലെന്ന് പിതാവ്; രണ്ട് വിദ്യാർഥികളുടെ ടി.സി .ആവശ്യപ്പെട്ട് രക്ഷിതാക്കൾ
പള്ളുരുത്തി: ഹിജാബ് വിവാദത്തിൽ കുട്ടിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം. ഇതുമായി ബന്ധപ്പെട്ട ഹരജി ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കുന്ന സാഹചര്യത്തിൽ അന്തിമ നിലപാട് അറിഞ്ഞ ശേഷം മാത്രമേ വിദ്യാർഥിനിയെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് മാറ്റാൻ ഉദ്ദേശിക്കുന്നുള്ളൂവെന്ന് കുടുംബം വ്യക്തമാക്കി. അതേസമയം, ഹിജാബ് വിവാദം ശക്തമായതോടെ സ്കൂൾ മാറാൻ ഒരുങ്ങി കൂടുതല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തി. തന്റെ രണ്ട് കുട്ടികളെ സ്കൂളിൽ നിന്ന് മാറ്റുകയാണെന്നാണ് ജെസ്നയെന്ന മാതാവ് അറിയിച്ചത്. ഒന്നിലും രണ്ടിലും പഠിക്കുന്ന തങ്ങളുടെ മക്കൾക്ക് സെന്റ് റീത്താസ് സ്കൂളില്‍ നിന്ന് ടി.സി വേണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഇവർ സ്കൂൾ അധികൃതർക്ക് അപേക്ഷ നൽകി. ഇതര മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം സൂക്ഷിക്കുന്ന അധ്യാപകര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കുമിടയില്‍ കുഞ്ഞുങ്ങള്‍ വളരുന്നത് മക്കളുടെ ഭാവി തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ടി.സിക്ക് അപേക്ഷ നൽകിയത്. അടുത്ത പ്രവൃത്തി ദിനമായ ചൊവ്വാഴ്ച ടി.സി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവർ പറഞ്ഞു. പുതുതായി ചേര്‍ക്കാന്‍ പോകുന്ന സ്കൂളിലെ അധ്യാപികയായ കന്യാസ്ത്രീയുമായി ഫോണില്‍ ബന്ധപ്പെട്ടതായും ആ അനുഭവം ധൈര്യം പകരുന്നതായും യുവതി പറഞ്ഞു. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്കൂളിന് ഉള്ളതെന്നും മക്കള്‍ക്ക് ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും തോപ്പുംപടി ഔവര്‍ ലേഡീസ് കോൺവന്റ് സ്കൂളിലെ അധ്യാപിക പറഞ്ഞതായി ഇവർ പറഞ്ഞു. ഇത്തരം നിലപാടും സന്മനസ്സുമുള്ള അധ്യാപകരുടെയടുത്ത് മക്കള്‍ വളരണമെന്നാണ് ആഗ്രഹിക്കുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയോട് സ്കൂള്‍ പ്രിന്‍സിപ്പലും പി.ടി.എ പ്രസിഡന്റും സ്വീകരിച്ച സമീപനം തങ്ങളെ വളരെയേറെ ഭയപ്പെടുത്തുന്നു. ഞാന്‍ ഹിജാബ് ധരിക്കുന്ന വ്യക്തിയാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെണ്‍കുട്ടിയെ കാണുന്നത് മറ്റുള്ളവരില്‍ ഭയം സൃഷ്ടിക്കുമെന്ന പ്രസ്താവന തന്റെ വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതാണ്. മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നതിനാലാണ് സ്വന്തം സ്കൂളിലെ വിദ്യാര്‍ഥിയോട് ഈ രീതിയില്‍ പെരുമാറിയത്. ഇത്തരം മാനസികാവസ്ഥയിലുള്ള അധ്യാപകര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കുമിടയില്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ വളരുന്നത് അവരുടെ ഭാവിക്ക് ഗുണകരമാവില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഹിജാബ് സംബന്ധമായ കേസ് വെള്ളിയാഴ്ചയാണ് കോടതി വീണ്ടും പരിഗണിക്കുന്നത്.
