ഹിമന്ത ബിശ്വ ശർമയെ താഴെയിറക്കണം’; അസമിൽ പ്രതിപക്ഷം ഒന്നിക്കുന്നു, സഖ്യമായി മത്സരിക്കുമെന്ന് ഗൗരവ് ഗൊഗോയ്‌

ഗുവാഹത്തി: അടുത്ത വർഷം നടക്കാനിരിക്കുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് എട്ട് പ്രതിപക്ഷ പാർട്ടികളെങ്കിലും സഖ്യമായി മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അസം കോൺഗ്രസ് അദ്ധ്യക്ഷന്‍ ഗൗരവ് ഗൊഗോയ്. ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിനെതിരെ കടുത്ത പോരാട്ടത്തിന് തന്നെ കളമൊരുങ്ങുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കാനാണ് സാധ്യത. ”വിവിധ വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ (പ്രതിപക്ഷ പാർട്ടികൾ) നീണ്ട ചർച്ച തന്നെ നടത്തി. ബിജെപിയുടെ അതിക്രമങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അനീതിയിൽ നിന്നുമൊക്കെ അസമിലെ ജനങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്. അതിനായി 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷപാര്‍ട്ടികള്‍ സഖ്യമായി മത്സരിക്കും. യോഗത്തിലെ പ്രധാന തീരുമാനം തന്നെ ഇതായിരുന്നു”- ഗൗരവ് ഗൊഗോയ് വ്യക്തമാക്കി. വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ തുടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോൺഗ്രസ് വിളിച്ചുചേർത്ത യോഗത്തിൽ സിപിഐ(എം), റൈജോർ ദൾ, അസം ജാതിയ പരിഷത്ത് (എജെപി), സിപിഐ, സിപിഐ(എംഎൽ), ജാതിയ ദൾ-അസോം (ജെഡിഎ), കർബി ആംഗ്ലോങ്ങ് ആസ്ഥാനമായുള്ള ഓൾ പാർട്ടി ഹിൽ ലീഡേഴ്‌സ് കോൺഫറൻസ് (എപിഎച്ച്എൽസി) എന്നിവരും ഏതാനും ചെറുപാര്‍ട്ടികളും പങ്കെടുത്തു. അതേസമയം ബദ്റുദ്ദീന്‍ അജ്മല്‍ നേതൃത്വം കൊടുക്കുന്ന ആൾ ഇൻഡ്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) സഖ്യത്തില്‍ നിന്നും വിട്ടുനിന്നു. എഐയുഡിഎഫിന് 15എംഎല്‍എമാരുണ്ട്. അതേസമയം വരുന്ന നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷം ഒറ്റക്കെട്ടായിരിക്കുമെന്ന് റൈജോർ ദൾ എംഎല്‍എ അഖിൽ ഗൊഗോയ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button