എസ്.ഐ.ആറിനെത്തിയ ബി.എൽ.ഒക്ക് നേരെ നായയെ അഴിച്ചുവിട്ട് വീട്ടുടമ; ആക്രമണത്തിൽ കഴുത്തിനും മുഖത്തിനും പരിക്ക്
കോട്ടയം: എസ്.ഐ.ആർ (വോട്ടർപട്ടിക തീവ്ര പരിഷ്കരണം) വിവരശേഖരണത്തിനെത്തിയ ബൂത്ത് ലെവൽ ഓഫിസർക്ക് (ബി.എൽ.ഒ) നേരെ നായയെ അഴിച്ചുവിട്ട് വീട്ടുടമ. നായയുടെ ആക്രമണത്തിൽ ബി.എൽ.ഒയുടെ കഴുത്തിനും മുഖത്തിനും പരിക്കേറ്റു. കോട്ടയം പാക്കിലിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.കോട്ടയം നിയമസഭ മണ്ഡലത്തിലെ 171 ബി.എൽ.ഒമാരിൽ ഒരാളാണ് പരിക്കേറ്റ ഉദ്യോഗസ്ഥ. പാക്കിലെ സി.എം.എസ് എൽ.പി സ്കൂളിലെ 123-ാം നമ്പർ ബൂത്തിലാണ് അവർ ജോലി ചെയ്തിരുന്നത്. വോട്ടർമാർക്ക് ഫോമുകൾ വിതരണം ചെയ്യുന്നതിനിടെയാണ് നായയുടെ കടിയേറ്റത്. ഡ്യൂട്ടിയിലുള്ളപ്പോൾ പല തവണ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും സർവേ നടത്താൻ ബുദ്ധിമുട്ടുണ്ടെന്നും ബി.എൽ.ഒ വാർത്താ ഏജൻസി എ.എൻ.ഐയോട് പറഞ്ഞു. കോട്ടയം ജില്ലക്ക് മൊത്തമായി 1500ലധികം ബി.എൽ.ഒമാരെ നിയമിച്ചിട്ടുണ്ട്. നവംബർ നാലിനാണ് കേരളത്തിൽ എസ്.ഐ.ആർ വിവരശേഖരണം ആരംഭിച്ചത്. 2025 ഒക്ടോബർ 27 വരെ വോട്ടർപട്ടികയിലുള്ള എല്ലാവർക്കും വീടുകളിലെത്തി എന്യൂമറേഷൻ ഫോം വിതരണം ചെയ്യും. നവംബർ നാലുമുതൽ ഡിസംബർ നാലുവരെയാണ് ഫോം വിതരണവും തിരികെ വാങ്ങലും നടക്കുക. ഫോമുകൾ പൂരിപ്പിച്ച് നൽകുന്നതിനൊപ്പം രസീതും കൈമാറും. ക്യൂ.ആർ കോഡും ഫോട്ടോ ഒട്ടിക്കാനുള്ള സൗകര്യവുമുള്ള ഫോമുകളാണ് നൽകുക. അതേസമയം, ഫോട്ടോ ഒട്ടിക്കൽ നിർബന്ധമല്ല. ഡിസംബർ നാലുവരെ വിവരശേഖരണം മാത്രമാണ് നടക്കുക. ഈ സമയത്ത് മറ്റ് സൂക്ഷ്മ പരിശോധനകളൊന്നും ഉണ്ടാകില്ല. എന്യൂമറേഷൻ ഫോം തിരികെ നൽകിയ എല്ലാവരെയും കരട് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും. പിന്നീടാണ് ആക്ഷേപങ്ങൾ സ്വീകരിക്കലും തുടർപരിശോധനയും. വിദേശത്തുള്ളവർക്കായി അവരുടെ ഫോമിൽ അടുത്ത ബന്ധുക്കൾക്ക് ഒപ്പിട്ടു നൽകാം. 2002ലെ പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് എസ്.ഐ.ആർ നടപടികൾ നടക്കുക. 2002ലെയും 2025ലെയും പട്ടികയിൽ ഉൾപ്പെട്ടവർ എന്യൂമറേഷൻ ഫോമിൽ ഒപ്പിട്ട് നൽകിയാൽ മാത്രം മതി. മറ്റ് രേഖകൾ സമർപ്പിക്കേണ്ടതില്ല. 2025ലെ പട്ടികയിൽ ഉൾപ്പെട്ടവരും 2002ലെ പട്ടികയിൽ ഉൾപ്പെടാത്തവരുമായവർ മാതാപിതാക്കൾ 2002ലെ പട്ടികയിലുണ്ടെങ്കിൽ മറ്റ് രേഖകൾ സമർപ്പിക്കേണ്ട. ഫോമിൽ ഇക്കാര്യം സൂചിപ്പിക്കണം. മാതാപിതാക്കളുടെ വോട്ടർ വിശദാംശങ്ങൾ ഫോമിൽ ചേർക്കുകയും വേണം. അപേക്ഷകനോ മാതാപിതാക്കളോ 2002ലെ പട്ടികയിൽ ഇല്ലാത്തവരുടെ കാര്യത്തിലാണ് കമീഷൻ നിഷ്കർഷിച്ച 12 രേഖകളിലൊന്ന് സമർപ്പിക്കേണ്ടി വരിക. ഇത്തരത്തിൽ പേരില്ലാത്തവർക്ക് ജനനതീയതി മാനദണ്ഡമാക്കി സമർപ്പിക്കേണ്ട രേഖകൾ കമീഷൻ നിഷ്കർഷിച്ചിട്ടുണ്ട്. വീടുകൾ കയറിയുള്ള വിവരശേഖരണ ഘട്ടത്തിൽ രേഖകൾ നൽകേണ്ടതില്ല. പിന്നീട് നോട്ടീസ് ലഭിക്കുന്ന മുറക്ക് ഹാജരാക്കിയാൽ മതി. ഡിസംബർ നാലുവരെ നീളുന്ന എസ്.ഐ.ആർ എന്യൂമറേഷൻ ഘട്ടത്തിൽ 2025 ഒക്ടോബർ 27 വരെ വോട്ടർ പട്ടികയിലുള്ള 2.78 കോടി പേർക്കും ഫോം വിതരണം ചെയ്ത് വിവരശേഖരണം നടത്തും. ഫോമുകൾ പൂരിപ്പിച്ച് നൽകുന്നതിനൊപ്പം രസീതും കൈമാറും. എന്യൂമറേഷൻ ഫോം തിരികെ നൽകിയ എല്ലാവരെയും കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും. പിന്നീടാണ് ആക്ഷേപങ്ങൾ സ്വീകരിക്കലും തുടർ പരിശോധനയും. ഡിസംബർ ഒമ്പതിനാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. അന്നുമുതൽ ജനുവരി എട്ടു വരെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാം. ഡിസംബർ ഒമ്പത് മുതൽ ജനുവരി 31 വരെ ഹിയറിങ് രേഖകളുടെ പരിശോധന നടക്കും. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.





