തേൻ എത്തിക്കുന്നത് റബ്ബർ പാലിൽ ഒഴിക്കുന്ന ഫോമിക് ആസിഡിന്റെ കണ്ടെയ്നറിൽ; ശബരിമലയിൽ ​ഗുരുതര വീഴ്ച

പത്തനംതിട്ട: ശബരിമലയിൽ അഭിഷേകത്തിനടക്കം ഉപയോഗിക്കുന്ന തേൻ വിതരണത്തിൽ ഗുരുതര വീഴ്ച. ഫോമിക് ആസിഡ് നിറച്ചിരുന്ന കണ്ടെയ്നറുകളിലാണ് സന്നിധാനത്തേക്ക് തേൻ എത്തിച്ചിരുന്നതെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. റബ്ബർ പാൽ ഉറഞ്ഞു കട്ടിയാകാൻ ഉപയോ​ഗിക്കുന്ന വസ്തുവാണ് ഫോമിക് ആസിഡ്.  ഇവ ശരീരത്തിനുള്ളിൽ എത്തുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും.അഷ്ടാഭിഷേക പൂജകൾക്കും വഴിപാടിനുമായാണ് പ്രധാനമായും  തേൻ ഉപയോഗിക്കുന്നത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള  സ്ഥാപനമായ റെയ്ഡ്കോയാണ്  തേൻ വിതരണം ചെയ്യാൻ കരാർ എടുത്തിരുന്നത്. കഴിഞ്ഞാഴ്ച സന്നിധാനത്ത് വിജിലൻസ് നടത്തിയ  മിന്നൽ പരിശോധനയിലാണ്  ഫോമിക് ആസിഡ് കണ്ടെയ്നറുകളിൽ തേൻ  കണ്ടെത്തിയത്.പമ്പയിലും സന്നിധാനത്തുമായി രണ്ട് ഭക്ഷ്യസുരക്ഷാ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. പമ്പയിൽ എത്തുന്ന വസ്തുക്കൾ പരിശോധിച്ച് ​ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം സന്നിധാനത്തേക്ക് കടത്തിവിടണം എന്നാണ് ചട്ടം. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് കെമിക്കൽ നിറയ്‌ക്കുന്ന കണ്ടെയ്നറുകളിലെ ഭക്ഷ്യവസ്തു സന്നിധാനത്ത് എത്തിയത്.  തേനിൽ ഫോമിക് ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ പഴയ സ്റ്റോക്കാണ് നിലവിൽ ഉപയോഗിക്കുന്നത്. പമ്പയിലെ ലാബ് റിസർച്ച് ഓഫീസറോട് ദേവസ്വം വിജിലൻസ് വിശദീകരണം തേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button