ഫോൺ എടുത്തില്ല; ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു
ലക്നൗ: ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സെവ്‌റ ചാർത്തായി ഗ്രാമത്തിൽ താമസിക്കുന്ന കുസുമം(42)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നക്‌ചെയ്ദിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു.നക്‌ചെയ്ദ് പകൽ മുഴുവൻ കുസുമത്തെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. ഇതാണ് പ്രകോപനത്തിന് കാരണം. വൈകിട്ട് വീട്ടിലെത്തിയ നക്‌ചെയ്ദ് മക്കളായ എട്ടു വയസ്സുകാരിയായ ദീക്ഷയുടെയും ഒൻപത് വയസ്സുകാരനായ ഉദയഭാനിന്റെയും മുന്നിൽ വച്ച് ഭാര്യയെ ക്രൂരമായി മർദിച്ചു. കുട്ടികൾ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രാത്രി മുഴുവൻ ഇയാൾ ഭാര്യയെ ഉപദ്രവിച്ചതായാണ് പറയുന്നത്. പിതാവ് മർദ്ദനം നിർത്തുന്നില്ലെന്ന് കണ്ട മകൾ, പരുക്കേറ്റ മാതാവിനെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി. എന്നാൽ, തൊട്ടടുത്ത ദിവസം രാവിലെ തിരികെ എത്തിയപ്പോൾ നക്‌ചെയ്ദ് വീണ്ടും ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ കുസുമം കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നക്‌ചെയ്ദ് നിർമ്മാണ തൊഴിലാളിയാണ്.





