മുപ്പത്തിരണ്ടെണ്ണത്തിന്റെ കൈ വെട്ടി’; അതോടെ എത്ര വലിയ സിനിമയും ചെയ്യാമെന്ന ധൈര്യം വന്നു: ഇന്ദ്രൻസ്
‘
മലയാള സിനിമയിൽ കോസ്റ്റും ഡിസൈനർ ആയി തുടക്കം കുറിച്ച് പിന്നീട് അഭിനേതാവായി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഇന്ദ്രൻസ്. തുടക്കത്തിൽ ഹാസ്യവേഷണങ്ങളിലൂടെ ശ്രദ്ധ നേടിയ താരം ഇന്ന് ശക്തമായ ക്യാരക്ടർ റോളുകളിലൂടെയും തന്റെ അഭിനയ മികവ് തെളിയിക്കുകയാണ്.
ഇപ്പോളിതാ സ്പടികം സിനിമയെ കുറിച്ചും കോസ്റ്റും ഡിസൈനർ എന്ന നിലയിൽ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായായിരുന്നു ഇന്ദ്രൻസ്.
‘ഭദ്രൻ സാറിൻ്റെ പടത്തിന് കോസ്റ്റ്യൂം ചെയ്യുന്ന കാര്യം സൂചിപ്പിച്ചത് ഗാന്ധിമതി ബാലൻ സാറാണ്. കേട്ടപ്പോൾ ആദ്യമൊരാവേശം തോന്നിയെങ്കിലും നടക്കാൻ പോകുന്നത് വലിയൊരു സിനിമയാണെന്നും സംവിധായകൻ വലിയ വാശിക്കാരനാണെന്നും മനസ്സിലാക്കിയപ്പോൾ അതിൽ നിന്ന് മാറുന്നതാണ് നല്ലതെന്ന് മനസ് പറഞ്ഞു.
സ്പടികം സിനിമയിൽ നിന്ന്, Photo: YouTube/ Screengrab
കൂടെ നിന്നാൽ നല്ലൊരു വേഷം ചെയ്യാം. മാമുക്കോയയൊക്കെ ചെയ്യുന്നത് പോലെയുള്ള റോളാണെന്നും ബാലൻ സാറ് പറഞ്ഞതോടെ ഞാൻ ‘സ്‌ഫടിക’ത്തിനൊപ്പം ചേർന്നു.
സെറ്റിൽ ഞങ്ങളേറ്റവും കഷ്ടപ്പെട്ടത് തിലകൻസാറിൻ്റെ കഥാപാത്രം ചാക്കോമാസ്റ്റർക്കുള്ള വേഷമുണ്ടാക്കാനായിരുന്നു. അദ്ദേഹത്തിന്റെ കണ്ണട, ഷാൾ, ഷർട്ട് അതിന്റെ ബട്ടൺ, കഫിങ്സ്, മുണ്ട്. ഹാഫ് ഷൂസ്, വാക്കിങ് സ്റ്റിക്,
തിലകൻസാറും ഭദ്രൻസാറും രണ്ടുരീതിയിലുള്ള ആവശ്യങ്ങളായിരുന്നു ഉന്നയിച്ചത്. ഭദ്രൻസാറ് ഷർട്ടിൻ്റെ കൈയുടെ നീളത്തിനും കോളറിനുമൊക്കെ ഒരു കണക്ക് പറയും. ഭദ്രൻസാറ് ഓക്കെ പറയുമ്പോ, തിലകൻസാറ് തിരിയും.
ചാക്കോമാഷ് ക്ലാസിലേക്ക് വരുമ്പോൾ വരാന്തയിൽ ലാടം പതിച്ച ഷൂസിന്റെ ശബ്ദം കേൾക്കണം. ആ ഷൂസിട്ടുവേണം പഠിക്കാത്ത കുട്ടികളുടെ കാൽവിരൽ ചവിട്ടിഞെരിക്കാൻ.
തിലകൻസാറാണെങ്കിൽ അത് ഇട്ടുനോക്കിട്ട്, ‘എടുത്തോണ്ട് പോ… ഇത് ഞാനെങ്ങനെയിടും. ലാടം പതിച്ചതിട്ടോണ്ട് ഞാനെങ്ങനെ നടക്കും… ഞാൻ മാടല്ല, മനുഷ്യനാ… എന്ന് പറഞ്ഞ് ഓടിക്കും.
സ്പടികം, Photo: YouTube/ Screengrab
ചാക്കോമാഷിന്റെ വെള്ള ഷർട്ടിനുവേണ്ടി പലതരത്തിലുള്ള തുണികളും തയ്ച്ചു. ഭദ്രൻസാറിന് തൃപ്തിയാകുമായിരുന്നില്ല. അദ്ദേഹത്തെ തൃപ്‌തിപ്പെടുത്താനായി അറുപത്തഞ്ച് ഷർട്ട് തയ്ക്കേണ്ടിവന്നിട്ടുണ്ട്.
തോമാച്ചൻ ചാക്കോമാഷിന്റെ ഷർട്ടിൻറെ കൈ മുറിച്ചുകളയുന്ന സീനെല്ലാം വസ്ത്രാലങ്കാരകനെ പെടുത്തുന്നതായിരുന്നു. ഷർട്ടിന്റെ കൈ മുറിക്കുന്ന സീനെടുക്കുന്നതിന് മുമ്പ് മുറിച്ചശേഷം അതിട്ട് നിൽക്കുന്ന ഷോട്ടെടുത്തു.
ഒരെണ്ണത്തിന്റെ കൈ മുറിച്ചു. ശരിയായില്ല. അടുത്തതും മുറിച്ചു അങ്ങനെ പലരും മാറിമാറി, അന്ന് പതിമൂന്ന് ഷർട്ടിൻറെ കൈ വെട്ടി,’ ഇന്ദ്രൻസ് പറഞ്ഞു.
മോഹൻലാൽ ഷോട്ട് എടുക്കുന്ന ദിവസം മുപ്പത്തിരണ്ടെണ്ണത്തിന്റെ കൈ വെട്ടിയെന്നും ഒരു കോസ്റ്റും ഡിസൈനർ എന്ന നിലയിൽ ആ ബുദ്ധിമുട്ടുകളെല്ലാം ഒരു പാഠമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ സിനിമയോടെ എത്ര വലിയ സിനിമയും ചെയ്യാനുള്ള ധൈര്യം തനിക്ക് വന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു.





