‘

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു ബിജെപി അധ്യക്ഷന്റെ പ്രതികരണം. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പോലും കഴിഞ്ഞിട്ടില്ലെന്നിരിക്കെയാണ് ഇതുവരെ പ്രഖ്യാപിക്കാത്ത തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.’ഭരണശൈലിയില്‍ മാറ്റം വരുത്തും. ഡിജിറ്റല്‍ ഭരണം വീട്ടുപടിക്കല്‍ എന്നതാണ് ലക്ഷ്യം. ഭരണം കിട്ടിയാല്‍ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കും.’ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് താന്‍ മത്സരിക്കുമെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം നൂറ് ശതമാനം ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.’റിപ്പോര്‍ട്ടര്‍ ടിവി എംഡിക്കെതിരെ എടുത്ത കേസില്‍ കാര്യക്ഷമമായ അന്വേഷണം വേണം. മലയാള മാധ്യമങ്ങളുടെ പാരമ്പര്യത്തെ തന്നെ തകര്‍ക്കുന്ന കാര്യമാണ് ചെയ്തത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി റൗഡി പട്ടികയില്‍പെട്ടയാളാണോയെന്ന് പരിശോധിക്കണം’- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.’ഇന്ത്യയില്‍ ആര്‍ക്കും ചാനല്‍ തുടങ്ങാനുള്ള അവകാശമുണ്ട്. പക്ഷേ, അതിന് ചില കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. മാധ്യമമെന്നത് ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലാം തൂണാണ്. അതില്‍ ആരെങ്കിലും കൃത്രിമം കാണിച്ചാല്‍ അതില്‍ അന്വേഷണം വേണം’. മാധ്യമങ്ങളുടെ മൂല്യം തകര്‍ക്കുന്ന നടപടിയാണ് ബാര്‍ക്കിലെ ക്രമക്കേടെന്നും നല്ല ജേണലിസമാണ് വിജയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

