Site icon Newskerala

പ്രഭാതഭക്ഷണ ശീലത്തിലെ തെറ്റുകൾ തിരിച്ചറിയാം; മറഞ്ഞിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കാം…

ഒരു ദിവസം നന്നായി തുടങ്ങുന്നതിന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെയിരിക്കാൻ മികച്ച പ്രഭാതഭക്ഷണം നിങ്ങളെ സഹായിക്കും. പ്രഭാതഭക്ഷണം കഴിക്കുന്നതിനുള്ള അനാരോഗ്യകരമായ വഴികൾ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. പ്രഭാതഭക്ഷണത്തിന്‍റെ കാര്യത്തിൽ ആളുകൾ സാധാരണയായി പിന്തുടരുന്ന തെറ്റായ കാര്യങ്ങൾ പരിശോധിക്കാം. വൈകിയുള്ള പ്രഭാതഭ‍ക്ഷണം ഉറക്കമുണർന്ന് രണ്ട് മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കണം. രാവിലെ ഒമ്പത് മണിക്ക് മുമ്പ് പ്രഭാതഭക്ഷണം കഴിക്കുന്നതാണ് നല്ലത്. രാത്രി മുഴുവൻ ഒന്നും കഴിക്കാത്തതിനാൽ ശരീരത്തിന് വെള്ളവും ഭക്ഷണവും ആവശ്യമാണ്. നേരത്തെയുള്ള പ്രഭാതഭക്ഷണം നിങ്ങളുടെ ശരീരത്തിന്‍റെ സമ്മർദം കുറക്കുന്നതിന് കാരണമാകുന്നു. അത്താഴത്തിനും പ്രഭാതഭക്ഷണത്തിനും ഇടയിൽ 12 മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം. പ്രഭാതഭക്ഷണം ഒഴിവാക്കൽ ചിലർ പ്രഭാതഭക്ഷണം പൂർണമായും ഒഴിവാക്കാറുണ്ട്. എന്നാൽ പ്രഭാതഭക്ഷണം കഴിക്കാത്തത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാൻ സാധ്യതയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് മാനസികാവസ്ഥയെയും ഊർജ്ജത്തെയും ബാധിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹം, രക്താതിമർദം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, അമിതവണ്ണം എന്നിവക്ക് കാരണമാകുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസം പ്രക്രിയയെ മന്ദഗതിയിലാക്കും. കുറച്ച് ഭക്ഷണം തിരക്കുള്ള ദിവസങ്ങളിൽ ചിലർ വളരെ കുറച്ച് മാത്രമേ പ്രഭാത ഭക്ഷണം കഴിക്കാറുള്ളൂ. ഇത് ആവശ്യമായ പോഷകങ്ങൾ ലഭ്യമാകാതിരിക്കാനും ക്ഷീണം അനുഭവപ്പെടാനും കാരണമാകും. ഇന്ത്യൻ പ്രഭാതഭക്ഷണങ്ങളിൽ കാർബോഹൈഡ്രേറ്റിന്‍റെ അളവ് കൂടുതലും പ്രോട്ടീൻ കുറവുമായിരിക്കും. അതിനാൽ, പ്രഭാതഭക്ഷണം നന്നായി കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പ്രോട്ടീനും വിറ്റാമിനുകളും ലഭിക്കാൻ പാൽ, തൈര്, നട്സ് മുതലായവ കഴിക്കുന്നത് നല്ലതാണ്. പ്രഭാത ഭക്ഷണമായി ചായ, കാപ്പി എന്നിവ മാത്രം കഴിക്കുന്നത് ഒഴിവാക്കണം. ഇത്തരം ശീലമുള്ളവർക്ക് വയറിളക്കം, ആസിഡിറ്റി, ക്ഷീണം എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. അമിത മധുരമുള്ള ഭക്ഷണങ്ങളും എണ്ണയിൽ വറുത്ത ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.

Exit mobile version