ബിജെപിയോടാണ് താൽപര്യമെങ്കിൽ എന്തിനാണ് നാണം ഉണ്ടെങ്കിൽ കോൺഗ്രസിൽ നിൽക്കുന്നത്?’; മോദിയെ പ്രശംസിച്ച ശശി തരൂരിനോട് സന്ദീപ് ദീക്ഷിത്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ബിജെപിയാണ് മികച്ച രീതിയിൽ പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുന്നുണ്ടെങ്കിൽ എന്തിനാണ് കോൺഗ്രസിൽ നിൽക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ”രാജ്യത്തെക്കുറിച്ച് അദ്ദേഹത്തിന് കാര്യമായി ഒന്നും അറിയില്ലെന്ന് തോന്നുന്നു. അതാണ് ശശി തരൂരിന്‍റെ പ്രശ്നം. നിങ്ങളുടെ അഭിപ്രായത്തിൽ, കോൺഗ്രസിന്‍റെ നയങ്ങൾക്ക് വിരുദ്ധമായി ആരെങ്കിലും രാജ്യത്തിന് നല്ലത് ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങൾ അവരുടെ നയങ്ങൾ പിന്തുടരണം. പിന്നെ എന്തിനാണ് കോൺഗ്രസിൽ തുടരുന്നത്? നിങ്ങൾ ഒരു എംപി ആയതുകൊണ്ടാണോ” സന്ദീപ് ചോദിക്കുന്നു. ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ മകനാണ് സന്ദീപ് ദീക്ഷിത്.”ബിജെപിയുടെയോ പ്രധാനമന്ത്രി മോദിയുടെയോ തന്ത്രങ്ങൾ നിങ്ങൾ ഉൾപ്പെട്ടിരിക്കുന്ന പാർട്ടിയെക്കാൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് ശരിക്കും തോന്നുന്നുവെങ്കിൽ, നിങ്ങൾ ഒരു വിശദീകരണം നൽകണം. നിങ്ങൾക്ക് അത് നൽകാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ ഒരു കപടനാട്യക്കാരനാണ്” അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനെതെയും തരൂരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രശംസിക്കത്തക്കതായി ഒന്നും താൻ കണ്ടില്ലെന്നും ശശി തരൂർ എങ്ങനെ അങ്ങിനെയൊന്ന് കണ്ടെത്തിയെന്ന് അറിയില്ലെന്നുമായിരുന്നു വിമർശനം.രാം നാഥ് ഗോയങ്ക അനുസ്മരണ ചടങ്ങിലെ മോദിയുടെ പ്രസംഗത്തെയാണ് ശശി തരൂര്‍ പുകഴ്ത്തിയത്. ഡൽഹിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായും ചടങ്ങിൽ പ്രധാനമന്ത്രി വികസനത്തിനുവേണ്ടിയുള്ള വൃഗ്രതയേക്കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു തരൂരിന്‍റെ എക്സ് പോസ്റ്റ്. “സാമ്പത്തിക വീക്ഷണത്തിനായും വികസനത്തിനുവേണ്ടി വ്യഗ്രതയോടെയിരിക്കാൻ രാജ്യത്തോടുള്ള ഒരു സാംസ്കാരിക ആഹ്വാനവുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സദസ്സിൽ ഉണ്ടായിരുന്നതിൽ സന്തോഷമുണ്ട്” എന്നും പോസ്റ്റിൽ കുറിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button