Site icon Newskerala

വേണേൽ പഠിച്ചാൽ മതി; കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാർട്ടിക്കറിയാം’: വിദ്യാർഥികളോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി

വിദ്യാർഥികൾക്കായി ശബ്ദമുയർത്തിയ പിടിഎ അംഗത്തോട് ‘എന്നെ ശരിക്കും അറിയാമോ’ എന്നും ഭീഷണി

തൊടുപുഴ ∙ ഇടുക്കി ഗവ. നഴ്സിങ് കോളജിലെ അടിസ്ഥാനസൗകര്യങ്ങൾക്കു വേണ്ടി സമരം ചെയ്ത വിദ്യാർഥികളോടും മാതാപിതാക്കളോടും സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി: ‘‘വേണേൽ പഠിച്ചാൽ മതി, കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാർട്ടിക്കറിയാം.’’ മന്ത്രി റോഷി അഗസ്റ്റിൻ വാഗ്ദാനം നൽകിയ, പൈനാവിലുള്ള ഹോസ്റ്റൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ കഴിഞ്ഞ 16നു സമരം നടത്തിയത്.

തുടർന്ന് കഴിഞ്ഞ 18ന് കലക്ടറുടെ ഓഫിസിൽ നടത്താനിരുന്ന യോഗം, കലക്ടർ ഇല്ലാത്തതിനാൽ സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ ചെറുതോണിയിലെ ഓഫിസിലേക്കു മാറ്റുകയായിരുന്നു. കോളജ് പ്രിൻസിപ്പൽ, 2 അധ്യാപകർ, പിടിഎ പ്രസിഡന്റ്, 2 പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, 5 വിദ്യാർഥി പ്രതിനിധികൾ എന്നിവർ പാർട്ടി ഓഫിസിലെ യോഗത്തിൽ പങ്കെടുത്തു.

പൈനാവിലുള്ള ഹോസ്റ്റൽ വിട്ടുകിട്ടണമെന്ന വിദ്യാർഥികളുടെ പ്രധാന ആവശ്യത്തോട് ജില്ലാ സെക്രട്ടറിയുടെ മറുപടി ഇങ്ങനെ: ‘‘നിങ്ങൾ എത്ര സമരം ചെയ്താലും ഒരു പ്രയോജനവുമില്ല, ഞങ്ങളുടെ സർക്കാരാണ് നഴ്സിങ് കോളജ് കൊണ്ടുവന്നതെങ്കിൽ അത് ഇല്ലാതാക്കാനും ഞങ്ങൾക്കറിയാം. ഞങ്ങൾ ഒരുക്കിത്തരുന്ന താമസസൗകര്യത്തിൽ താമസിക്കാൻ കഴിഞ്ഞില്ലെങ്കിൽ നഴ്സിങ് കോളജ് പാർട്ടിക്കാർ വേണ്ടെന്നുവയ്ക്കും.’’

പിടിഎക്കാർ പറയുന്നതു കേട്ട് വിദ്യാർഥികൾ തുള്ളാൻ നിന്നാൽ നിങ്ങളുടെ 2 വർഷം പോയിക്കിട്ടുമെന്നും സെക്രട്ടറി പരിഹസിച്ചു. നഷ്ടം വിദ്യാർഥികൾക്കു മാത്രമാണെന്നും എന്തു സമരം ചെയ്താലും ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം കടുപ്പിച്ചു പറയുക മാത്രമല്ല വിദ്യാർഥികൾക്കു വേണ്ടി ശബ്ദമുയർത്തിയ പിടിഎ അംഗത്തോട് ‘‘എന്നെപ്പറ്റി ശരിക്കും അറിയാമോ?’’ എന്ന ഭീഷണി മുഴക്കിയെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

.

Exit mobile version