കോട്ടക്കലിൽ പ്രവാസി യുവാവിനെ മർദിച്ച സംഭവം: മൂന്നുപേർ കൂടി അറസ്റ്റിൽ
കോട്ടക്കൽ: പ്രവാസി യുവാവിനെ ക്രൂരമർദനത്തിരയാക്കിയ സംഭവത്തിൽ മൂന്നുപേർ കൂടി കോട്ടക്കലിൽ പിടിയിൽ. മങ്കട വെള്ളില കുഴിക്കാട്ടിൽ സാബിത്ത് അലി (23), കോഡൂർ വലിയാട് പത്താശ്ശേരി ഹൗസ് ജിൽഷാദ് (21), വലിയാട് ആൽപറ്റകുളമ്പ കരുവള്ളി മുഹമ്മദ് ഷാമിൽ(18) എന്നിവരെയാണ് ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം പത്തായി. കഴിഞ്ഞ മാസം ഏഴിനാണ് സംഭവം. പറപ്പൂർ തുമ്പത്ത് മുനീറിന്റെ മകൻ ഹാനിഷാണ് (23) മർദനത്തിനിരയായത്. ഹാനിഷിനെ മർദിക്കുകയും ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റുകയും ചെയ്തെന്നായിരുന്നു പരാതി. എസ്.ഐ റിഷാദലി നെച്ചിക്കാടൻ, ഗ്രേഡ് എസ്.ഐ സുരേഷ്കുമാർ, എ.എസ്.ഐ ഹബീബ, എ.എസ്.ഐ പ്രദീപ്, പൊലീസുകാരായ റാഫി, ദീപു, മുഹമ്മദ്, രഞ്ജിത്, രവി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കേസിലെ മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പ്രതികളെ മൂന്നുപേരെയും കോടതി റിമാൻഡ് ചെയ്തു.





