നിലവിലെ ഇന്ത്യൻ ടെസ്റ്റ് ടീം മോശമായ പ്രകടനമാണ് നാളുകൾ ഏറെയായി കാഴ്ച വെക്കുന്നത്. ഇപ്പോൾ നടക്കുന്ന പരമ്പരയിൽ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ തോൽവിയുടെ വക്കിലാണ്. പരിശീലകനായ ഗൗതം ഗംഭീറിന്റെ പദ്ധതികൾ എല്ലാം തന്നെ ഫ്ലോപ്പാകുകയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. പരിശീലക സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കണം എന്ന ആവശ്യവും ശക്തമാണ്.
ഇന്ത്യൻ സ്‌ക്വാഡിൽ വൺ ഡൗൺ ബാറ്റ്‌സ്മാനായി വിശ്വസിച്ച് ഇറക്കാൻ പറ്റിയ ഒരു താരവുമില്ല. കെ എൽ രാഹുൽ, കരുൺ നായർ, വാഷിങ്ടൺ സുന്ദർ, സായ് സുദർശൻ എന്നിവരെയെല്ലാം മൂന്നാം നമ്പറിൽ പരീക്ഷിച്ചെങ്കിലും എല്ലാം പരാജയമാവുകയാണ് ചെയ്തത്. ഇപ്പോഴിതാ ടീമിൽ സഞ്ജു സാംസണെ ആ പൊസിഷനിൽ കളിപ്പിക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.
” ശുഭ്മൻ ഗില്ലിനും മുകളിൽ കളിക്കാൻ സാധിക്കുന്ന ഒരു താരത്തെക്കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. സായ് സുദർശനേയും വാഷിങ്ടൺ സുന്ദറിനേയും ഇന്ത്യ പരീക്ഷിച്ച് കഴിഞ്ഞു. മികച്ച കോമ്പിനേഷനെയാണ് ഇപ്പോൾ ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നത്. ശുഭ്മൻ ഗിൽ തിരിച്ചെത്തുമ്പോൾ ഇത് ശരിയാകുമെന്നാണ് തോന്നുന്നത്. എന്നാൽ മൂന്നാം നമ്പറിൽ ഇപ്പോൾ ബാറ്റ് ചെയ്യാൻ സഞ്ജു സാംസൺ ശരിയായ ഓപ്ഷനാണെന്ന് ഞാൻ കരുതുന്നു, കാരണം നിങ്ങൾക്ക് യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ഓപ്പണറായി ഉണ്ട്” സുരേഷ് റെയ്ന പറഞ്ഞു.


