കണക്ക് തീർത്ത് കൗമാരപ്പട, പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സെമിയിൽ, ജയം 58 റണ്‍സിന്
ലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാനെ 58 റണ്‍സിന് തോല്പിച്ച് ഇന്ത്യ സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം 33.3 ഓവറില്‍ മറികടന്നാല്‍ മാത്രമെ പാകിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ മറികടന്ന് സെമിയിലെത്താനാവുമായിരുന്നുള്ളു. എന്നാല്‍ 46.2 ഓവറില്‍ 194 റണ്‍സിന് ഓള് ഔട്ടായ പാകിസ്ഥാന് 58 റണ്‍സ് തോല്‍വിയോടെ സെമിയിലെത്താതെ പുറത്തായി. ഇതോടെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന് ടീമുകള്‍ക്കൊപ്പം ഇന്ത്യയും സെമിയിലെത്തി. അടുത്ത ആഴ്ച തുടങ്ങുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന് ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൗമാരപ്പട പാകിസ്ഥാനെ മുട്ടുകുത്തിച്ചത് ഇന്ത്യക്ക് സെമിയിലേക്ക് ടിക്കറ്റെടുത്തത്. അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ ജയം. സ്കോര്‍ ഇന്ത്യ 49.5 ഓവറില്‍ 252ന് ഓള് ഔട്ട്, പാകിസ്ഥാന് 46.2 ഓവറില്‍ 194 റണ്‍സിന് ഓള് ഔട്ട്
33.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് മാത്രമെടുത്തിരുന്ന പാകിസ്ഥാന് സെമി ടിക്കറ്റ് നഷ്ടമായെങ്കിലും ഇന്ത്യയെ തോല്പിച്ച് മടങ്ങാമെന്ന പ്രതീക്ഷയും ഇന്ത്യൻ യുവനിര അവസാനിപ്പിച്ചു. 168-4 എന്ന ഭേദപ്പെട്ട നിലയില്‍ നിന്ന് 26 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ പാകിസ്ഥാന്റെ ശേഷിക്കുന്ന ആറ് വിക്കറ്റുകളും എറിഞ്ഞിട്ട് ഇന്ത്യൻ യുവനിര വിജയവും സെമി പ്രവേശനവും ആധികാരികമാക്കി. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ വെടിക്കെട്ട് സെഞ്ചുറി നേടിയ വെടിക്കെട്ട് ബാറ്ററായ സമീര്‍ മിന്‍ഹാസിനെ(9) തുടക്കത്തിലെ പുറത്താക്കിയ ഹെനില്‍ പട്ടേലാണ് ഇന്ത്യക്ക് മത്സരത്തില്‍ തുടക്കത്തിലെ മുന്‍തൂക്കം നല്‍കിയത്. പിന്നാലെ ഹംസ സഹൂറും ഉസ്മാന് ഖാനും ചേര്‍ന്ന് പാകിസ്ഥാനെ 17 ഓവറില്‍ 88 റണ്‍സിലെത്തിച്ചെങ്കിലും ഇന്ത്യൻ ബൗളര്‍മാര്‍ വരിഞ്ഞുമുറുകിയതോടെ തകര്‍ത്തടിക്കാനാവാതെ കുഴങ്ങി
ഇതിനിടെ പാക് ബാറ്റര്‍മാര്‍ നല്കിയ അവസരങ്ങള്‍ ഇന്ത്യൻ ഫീല്‍ഡര്‍മാര്‍ കൈവിട്ടെങ്കിലും പാകിസ്ഥാന് അത് മുതലാക്കാനായില്ല. 49 പന്തില്‍ 42 റണ്‍സെടുത്ത ഹംസ സഹൂറിനെ കനിഷ്ക് ചൗഹാന് പുറത്താക്കിയത് പാകിസ്ഥാന് തിരിച്ചടിയായി. അര്‍ധസെഞ്ചുറി നേടിയ ഉസ്മാന് ഖാനൊപ്പം ക്യാപ്റ്റൻ ബര്‍ഹാന്‍ യൂസഫ്(39 പന്തില്‍ 38) പൊരുതി നോക്കിയെങ്കിലും അംബ്രീഷിന്റെ പന്തില്‍ മുപ്പതാം ഓവറില്‍ പുറത്തായി. പിന്നാലെ അഹമ്മദ് ഹുസൈനെ(2) പുറത്താക്കി ക്യാപ്റ്റൻ ആയുഷ് മാത്രം പാകിസ്ഥാനെ പ്രതിരോധത്തിലാക്കി. ഇതിനുശേഷമയിരുന്നു പാകിസ്ഥാന്റെ കൂട്ടത്തകര്‍ച്ച.ഇന്ത്യക്കായി ബാറ്റിംഗില്‍ പൂജ്യനായി പുറത്തായി നിരാശപ്പെടുത്തിയ ക്യാപ്റ്റൻ ആയുഷ് മാത്രെ 21 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ ഖിലന്‍ പട്ടേല്‍ 35 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 252 റൺസിന് പുറത്തായി. അര്‍ധസെഞ്ചുറിയുമായി വേദാന്ത് ത്രിവേദി നടത്തിയ ഒറ്റയാൾ പോരാട്ടമാണ് തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്. 98 പന്തില്‍ 68 റണ്‍സടിച്ച വേദാന്ത് ത്രിവേദിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വൈഭവ് സൂര്യവന്‍ഷി 22 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റൻ ആയുഷ് മാത്രെ രണ്ട് പന്ത് നേരിട്ട് റണ്ണെടുക്കാതെ മടങ്ങി. വേദാന്ത് ത്രിവേദി മടങ്ങിയശേഷം കനിഷ് ചൗഹാനും ഖിലന്‍ പട്ടേലും ചേര്‍ന്നാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.





