ലോകത്തിലെ ഏറ്റവും മോശം പെൻഷൻ സിസ്റ്റം ഇന്ത്യയിലേത്; മുന്നിൽ ഈ രാജ്യങ്ങൾ
ലോകത്തിലെ ഏറ്റവും മോശം പെൻഷൻ സംവിധാനം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഗ്ലോബൽ പെൻഷൻ ഇൻഡക്സ് പ്രകാരം ഡിഗ്രേഡാണ് ഇന്ത്യക്ക് ലഭിച്ചത്. 100ൽ 43.8 സ്കോർ മാത്രമാണ് ഇന്ത്യക്ക് കിട്ടിയത്. മെർസർ ആൻഡ് സി.എഫ്.എ ഇൻസ്റ്റിറ്റ്യൂട്ടാണ് റാങ്ക് പട്ടിക പുറത്തിറക്കിയത്. നെതർലാൻഡ്, ഐസ്‍ലാൻഡ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിലെത്തിയത്. ഇന്ത്യ, ഫിലിപ്പിൻസ്, തായ്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ പിന്നിൽ.മികച്ച ആനുകൂല്യങ്ങൾ, കർശനമായ നിയമങ്ങൾ, മികച്ച ആസ്തി എന്നിവ നിലനിൽക്കുന്ന പെൻഷൻ ഫണ്ടുകളാണ് പട്ടികയിൽ മുന്നിലെത്തിയത്. ഇന്ത്യയിൽ നൽകുന്ന പെൻഷൻ ആളുകളുടെ അവകാശങ്ങൾ നിറവേറ്റാൻ പര്യപ്തമല്ലെന്നാണ് കണ്ടെത്തൽ. സുസ്ഥിരമായ സംവിധാനമല്ല ഇന്ത്യയുടേതെന്നും സുതാര്യതയിൽ രാജ്യത്തെ പെൻഷൻ സിസ്റ്റം പിന്നിലാണെന്നും മെർസർ ആൻഡ് സി.എഫ്.എ ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ തൊഴിലാളികളിൽ വലിയൊരു വിഭാഗവും പെൻഷൻ പദ്ധതിക്ക് കീഴിൽ വരുന്നവരല്ല. പെൻഷൻ എന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ സാമ്പത്തികബാധ്യതയാണ്. പ്രൈവറ്റ് പെൻഷന്റെ അപര്യാപ്തതയും ഇന്ത്യ റാങ്കിങ്ങിൽ പിന്നിൽ പോകാനുള്ള കാരണമായി. പട്ടികയിൽ 86 പോയിന്റോടെ സിംഗപ്പൂരാണ് ഇക്കുറിയും ഒന്നാമതെത്തിയത്. ജോലി ചെയ്യുന്ന മുഴുവൻ പൗരൻമാരേയും വിദേശകളേയും പെൻഷൻ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞുവെന്നതാണ് അവരുടെ പ്രധാനനേട്ടം. തൊഴിലാളികളിൽ നിന്നും തൊഴിലുടമകളിൽ നിന്നും വിഹിതം പിടിച്ചാണ് മികച്ച പെൻഷൻ പദ്ധതി സിംഗപ്പൂർ കൊണ്ടു വന്നത്. സർക്കാർ ഫണ്ടുകളെ സിംഗപ്പൂർ ആശ്രയിക്കുന്നതും കുറവായിരുന്നു.
