ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി, പരമ്പരയിൽ ഒപ്പത്തിനൊപ്പം
രാജ്കോട്ട്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വമ്പൻ തോൽവി. ഡാരിൽ മിച്ചലിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ഏഴു വിക്കറ്റിനാണ് കീവീസ് ഇന്ത്യയെ തകർത്തത്. ആതിഥേയർ മുന്നോട്ടുവെച്ച 285 റൺസ് വിജയലക്ഷ്യം 15 പന്തുകൾ ശേഷിക്കെ സന്ദർശകർ മറികടന്നു. ഇന്ത്യൻ മണ്ണിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡ് പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും വലിയ ജയമാണിത്. സ്കോർ: ഇന്ത്യ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 284. ന്യൂസിലൻഡ് 47.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 286. ഇതോടെ മൂന്നു മത്സര പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. ഒന്നാം ഏകദിനത്തിൽ ഇന്ത്യ ജയിച്ചിരുന്നു. 117 പന്തിൽ 131 റൺസെടുത്ത് മിച്ചൽ പുറത്താകാതെ നിന്നു. രണ്ടു സിക്സും 11 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. 96 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. വിൽ യങ് അർധ സെഞ്ച്വറി നേടി. 98 പന്തിൽ 87 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ ഇരുവരും നേടിയ 162 റൺസിന്‍റെ കൂട്ടുകെട്ടാണ് കീവീസ് വിജയത്തിൽ നിർണായകമായത്. ഡെവോൺ കോൺവെ (21 പന്തിൽ 16), ഹെൻറി നിക്കോളാസ് (24 പന്തിൽ 10) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഗ്ലെൻ ഫിലിപ്സ് 25 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നു. മൂർച്ച കുറഞ്ഞ ബൗളിങ്ങാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കെ.എൽ. രാഹുലിന്‍റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 92 പന്തിൽ ഒരു സിക്സും 11 ഫോറുമടക്കം 112 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. ഏകദിന കരിയറിലെ താരത്തിന്‍റെ എട്ടാം സെഞ്ച്വറിയാണിത്. 87 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്. 49ാം ഓവറിൽ കെയിൽ ജെമീസണിനെ ലോങ് ഓണിൽ സിക്സ് പറത്തി രാജകീയമായാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. നായകൻ ശുഭ്മൻ ഗിൽ അർധ സെഞ്ച്വറി നേടി. 53 പന്തിൽ ഒരു സിക്സും ഒമ്പത് ഫോറുമടക്കം 56 റൺസെടുത്തു. ഇന്ത്യക്കായി ഓപ്പണർമാരായ രോഹിത് ശർമയും നായകൻ ശുഭ്മൻ ഗില്ലും മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ 12.2 ഓവറിൽ 70 റൺസാണ് ഇരുവരും അടിച്ചെടുത്തത്. 38 പന്തിൽ നാലു ഫോറടക്കം 24 റൺസെടുത്ത രോഹിത്തിനെ മടക്കി ക്രിസ്റ്റ്യൻ ക്ലാർക്കെയാണ് കീവീസിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. ടീം സ്കോർ 99ൽ നിൽക്കെ ഗില്ലിനെ കെയ്‍ൽ ജെമീസൺ ഡാരിൽ മിച്ചലിന്‍റെ കൈകളിലെത്തിച്ചു. ഒരോവർ ഇടവേളയിൽ ശ്രേയസ് അയ്യരെയും (17 പന്തിൽ എട്ട്) വിരാട് കോഹ്ലിയെയും (29 പന്തിൽ 23) ക്ലാർക്കെ പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. 23.3 ഓവറിൽ നാലു വിക്കറ്റിന് 118. കെ.എൽ. രാഹുലും രവീന്ദ്ര ജദേജയും ചേർന്നാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു. 44 പന്തിൽ 27 റൺസെടുത്ത ജദേജയെ പന്തെറിഞ്ഞ മിച്ചൽ ബ്രേസ് വെൽ തന്നെ കൈയിലൊതുക്കി. പിന്നാലെ ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡിയുമായി ചേർന്ന് രാഹുൽ സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇതിനിടെ രാഹുൽ 52 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി. ടീം സ്കോർ 200 കടന്നു. 21 പന്തിൽ 20 റൺസെടുത്താണ് നിതീഷ് പുറത്തായത്. പിന്നാലെ എത്തിയ ഹർഷിത് റാണയും (നാലു പന്തിൽ രണ്ട്) വേഗത്തിൽ മടങ്ങി. മൂന്നു പന്തിൽ രണ്ടു റൺസുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു. അവസാന ഓവറുകളിലെ രാഹുലിന്‍റെ ബാറ്റിങ്ങാണ് ടീം സ്കോർ 284ൽ എത്തിച്ചത്. കീവീസിനായി ക്രിസ്റ്റ്യൻ ക്ലാർക്കെ എട്ട് ഓവറിൽ 56 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.





