Site icon Newskerala

ഇന്ത്യയുടെ എതിരാളികൾ ആസ്ട്രേലിയ; വനിത ലോകകപ്പ് ഒന്നാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക

മുംബൈ: വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ-ആസ്ട്രേലിയ സെമി ഫൈനൽ. റൗണ്ട് റോബിൻ മത്സരങ്ങളിൽ 13 പോയന്റോടെ നിലവിലെ ചാമ്പ്യന്മാർ ഒന്നാംസ്ഥാനത്ത് പൂർത്തിയാക്കിയതോടെയാണ് നാലാംസ്ഥാനക്കാരായ ആതിഥേയർക്ക് കരുത്തരായ എതിരാളികളെ ലഭിച്ചത്. ഒക്ടോബർ 30ന് നവി മുംബൈ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ആസ്ട്രേലിയ സെമി. 29ന് ഗുവാഹതിയിൽ നടക്കുന്ന ആദ്യ സെമിയിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. അതേസമയം, നവി മുംബൈയിൽ ഞാ‍യറാഴ്ച നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തോടെ ലീഗ് റൗണ്ട് പൂർത്തിയാവും. ഹർമൻപ്രീത് കൗറും സംഘവും ജയിച്ചാലും തോറ്റാലും നാലാം സ്ഥാനത്തുതന്നെ തുടരും. നിലവിൽ ആറ് പോയന്റാണ് ഇന്ത്യക്കുള്ളത്. ദക്ഷിണാഫ്രിക്ക (10) രണ്ടും ഇംഗ്ലണ്ട് (9) മൂന്നും സ്ഥാനങ്ങളിലാണ്. വൈകീട്ട് മൂന്നു മുതലാണ് ഇന്ത്യ-ബംഗ്ലാദേശ് കളി. രാവിലെ 11ന് വിശാഖപട്ടണത്ത് ആരംഭിക്കുന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടുന്നുണ്ട്. ആസ്ട്രേലിയക്ക് ഏഴ് വിക്കറ്റ് ജയം ഇന്ദോർ: വനിത ലോകകപ്പ് ലീഗ് റൗണ്ട് അപരാജിതരായി പൂർത്തിയാക്കി നിലവിലെ ചാമ്പ്യന്മാർ. തങ്ങളുടെ അവസാന മത്സരത്തിൽ ഇവർ ഏഴ് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 24 ഓവറിൽ വെറും 97 റൺസിന് എല്ലാവരും പുറത്തായി. ഏഴ് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി ഏഴ് വിക്കറ്റെടുത്ത സ്പിന്നർ അലാന കിങ്ങിന്റെ ബൗളിങ്ങാണ് ആസ്ട്രേലിയക്ക് കരുത്തായത്. മറുപടി ബാറ്റിങ്ങിൽ 16.5 ഓവറിൽ മൂന്ന് വിക്കറ്റിന് ലക്ഷ്യം കണ്ടു.

Exit mobile version