ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി ഇട്ടുകൊടുക്കും’; യുഎസ് സൈനികർക്ക് മുന്നറിയിപ്പുമായി ഇറാൻ

തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യം അതിരൂക്ഷമായി തുടരുന്നതിനിടെ യുഎസ് സൈന്യത്തിന് മുന്നറിയിപ്പുമായി ഇറാന്‍. കരയുദ്ധം ആരംഭിക്കാനാണ് യുഎസ് നീക്കമെങ്കില്‍ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഇറാനില്‍ കാലുകുത്തുന്ന യുഎസ് സൈനികരെ പേര്‍ഷ്യന്‍ കടലിലെ സ്രാവുകള്‍ക്ക് ഇട്ടുകൊടുക്കുമെന്നും ഖത്തം-അല്‍-അന്‍ബിയ വക്താവ് കേണല്‍ ഇബ്രാഹിം സുല്‍ഫിക്കര്‍ പറഞ്ഞു. അപ്രതീക്ഷിതമായി കരയുദ്ധത്തിലേക്ക് യുഎസ് കടക്കുകയാണെങ്കിൽ നേരിടാന്‍ ഇറാന്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ‘കരമാര്‍ഗമോ സമുദ്രമാര്‍ഗമോ ഇറാനെതിരെ നീക്കം നടത്താന്‍ തയ്യാറായാല്‍ യുഎസ് സൈനികരെ തകര്‍ക്കാന്‍ ഇറാന്‍ സജ്ജമാണ്. അതിനുവേണ്ടിയുള്ള ദിനങ്ങളിലേക്ക് ഇറാന്‍ എണ്ണിത്തുടങ്ങിയിട്ടുണ്ട്. ഇറാനെതിരെ കരയുദ്ധം നടത്തുമെന്നും ഖാര്‍ഗ് ദ്വീപ് അടക്കമുള്ള പ്രദേശങ്ങളില്‍ അധിനിവേശം നടത്തുമെന്നുമൊക്കെ യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. അത്തരം ആഗ്രഹങ്ങളെല്ലാം ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്‌നങ്ങളായി മാത്രമേ കണക്കാക്കാനാകൂ.’ കേണല്‍ സുല്‍ഫിക്കര്‍ പറഞ്ഞു. ആക്രമത്തിനും അധിനിവേശത്തിനും അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇറാന്‍ സൈന്യം നേരത്തെ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് ഭീഷണികളെ നേരിടാന്‍ ഇറാഖിന്റെ അതിര്‍ത്തിപ്രദേശങ്ങളടക്കം രാജ്യത്തുടനീളം പ്രതിരോധസംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റുമാരുടെ കൂട്ടത്തില്‍ വെച്ചേറ്റവും ‘നുണയനായ പ്രസിഡന്റ്’ എന്നായിരുന്നു ട്രംപിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ട്രംപ് ഒരുനിലക്കും വിശ്വസിക്കാന്‍ പറ്റാത്തവനും യുഎസ് സൈന്യത്തെ കൊലക്ക് കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കക്ക് മാത്രമല്ല, യൂറോപ്യന്‍-പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ഒന്നടങ്കം യുദ്ധസാഹചര്യത്തിലേക്ക് തള്ളിവിട്ട സ്ഥലകാല ബോധമില്ലാത്ത ഒരാളെയാണ് വാഷിങ്ടണ്‍ സൈനികനേതൃത്വം ഏല്‍പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനില്‍ ആഴ്ചകള്‍ നീളുന്ന കരയുദ്ധത്തിന് അമേരിക്കന്‍ സൈന്യം തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ‘വാഷിങ്ടണ്‍ പോസ്റ്റാണ്’ വാര്‍ത്ത പുറത്തുവിട്ടത്. പൂര്‍ണമായ തോതിലുള്ള സൈനിക അധിനിവേശത്തിന് പകരം പ്രത്യേക സേനാ വിഭാഗങ്ങളെ ഉപയോഗിച്ചുള്ള മിന്നലാക്രമണങ്ങള്‍ക്കാണ് പെന്റഗണ്‍ പദ്ധതിയിടുന്നത്. ഇറാന്റെ തന്ത്രപ്രധാന മേഖലയായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനും ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുമാണ് ഈ ഓപ്പറേഷനിലൂടെ അമേരിക്കന്‍ സൈന്യം ലക്ഷ്യമിടുന്നത്. കരയാക്രമണത്തിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്തിമ അനുമതി നല്‍കുമോയെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഫെബ്രുവരി 28-ന് ആരംഭിച്ച ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, നിരവധി സൈനികനേതാക്കളും കൊല്ലപ്പെട്ടതോടെ ഇറാന്‍ പ്രത്യാക്രമണം കടുപ്പിച്ചിരുന്നു. ഇതിനിടെ, യുദ്ധം അവസാനിപ്പിക്കുന്നതിനായി മൂന്ന് നിബന്ധനകള്‍ ഇറാന്‍ മുന്നോട്ടുവെച്ചെങ്കില്‍ അതെല്ലാം അവഗണിച്ച് അമേരിക്ക ആക്രമണം തുടരുകയായിരുന്നു. ഇതിനോടകം രണ്ടായിരത്തോളം പേര്‍ ഇറാനില്‍ മാത്രമായി കൊല്ലപ്പെട്ടുവെന്നാണ് വിവരം. 20,000-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമാണ് അവരിലധികവും. യഥാർഥ കണക്കുകൾ ഇതിലും കൂടുതലായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button