തുടരെത്തുടരെ ഇറാന്റെ മിസൈല്‍ ആക്രമണം; വ്യോമപാത അടച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍; സൗദിയിലും റിയാദിലും ദോഹയിലും കുവൈത്തിലും സ്‌ഫോടന ശബ്ദങ്ങള്‍; നിര്‍വീര്യമാക്കിയെന്ന് ഖത്തര്‍; യുദ്ധ ഭീതിയില്‍ മലയാളികളും

ടെഹ്‌റാന്‍: ഗള്‍ഫിലെ യു.എസ് വ്യോമതാവളങ്ങള്‍ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തിന് പിന്നാലെ വ്യോമപാത അടച്ച് രാജ്യങ്ങള്‍. ഖത്തര്‍, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് വ്യോമപാത അടച്ചത്. ഖത്തറിലും കുവൈത്തിലും ബഹറൈനിലും യുഎഇയിലുമാണ് ഇറാന്‍ തുടരെ ആക്രമണം നടത്തിയത്. സൗദി അറേബ്യയിലെ റിയാദിലും സ്‌ഫോടന ശബ്ദം കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച എല്ലാ മിസൈലുകളും നിര്‍വീര്യമാക്കിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. പിന്നാലെ ദോഹയില്‍ ഒന്നിലധികം വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലും സ്‌ഫോടനശബ്ദം കേട്ടെന്നാണു റിപ്പോര്‍ട്ട്.

ഖത്തറിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചു. രണ്ട് ഇറാന്‍ മിസൈലുകളെ ഖത്തര്‍ ആകാശത്ത് പാട്രിയേറ്റ് പ്രതിരോധ സംവിധാനം തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹൈറൈനിലും യുഎഇയിലും കുവൈത്തിലും യു.എസ് സേനാ കേന്ദ്രങ്ങള്‍ക്ക് സമീപമാണ് സ്ഫോടനം.

ബഹ്റൈനിലും അബുദാബിയിലും നിരവധി സ്ഫോടനം നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹറൈനിലെ ജുഫൈറിലാണ് സ്ഫോടനം നടന്നത്. ഇവിടെയാണ് യു.എസ് നേവി താവളം സ്ഥിതി ചെയ്യുന്നത്. യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ സർവീസ് സെന്ററിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി ബഹ്‌റൈൻ അറിയിച്ചു.
കുവൈത്തില്‍ സ്ഫോടനത്തിന് പിന്നാലെ സൈറണ്‍ മുഴങ്ങി. യു.എഇ തലസ്ഥാനമായ അബുദാബിയില്‍ വലിയ ശബ്ദത്തോടെ സ്ഫോടനം നടന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പൗരന്മാരോട് എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.  എല്ലാവരും വീട്ടിലോ സുരക്ഷിത ഇടങ്ങളിലെ തുടരണമെന്ന് ഖത്തർ ജാഗ്രതാ നിർദ്ദേശം നൽകി. സൈനിക താവളങ്ങളിൽ നിന്ന് മാറി വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് മൊബൈലില്‍ എത്തിയ സന്ദേശം.
അതേസമയം, പശ്ചിമേഷ്യയിലെ ഇസ്രയേലിന്‍റെയും യു.എസിന്‍റെയും കേന്ദ്രങ്ങള്‍ക്ക് നേരെ തിരിച്ചടിയുണ്ടാകുമെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. വരാനിക്കുന്നതിന് തയ്യാറെടുക്കൂ എന്നാണ് ഇറാന്‍ പ്രതികരിച്ചത്. പശ്ചിമേഷ്യയിലെ എല്ലാ യു.എസ് ഇസ്രയേല്‍ താല്‍പര്യങ്ങളും ലക്ഷ്യമാണ്. ഇനി നിയന്ത്രണങ്ങളൊന്നുമില്ല.  മുന്‍പ് പരിഗണിക്കാത്ത സാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാം ലക്ഷ്യമിടുമെന്നും അദ്ദേഹം സൂചന നല്‍കി. ഇസ്രയേലും യു.എസും ഒന്നിച്ചുള്ള ആക്രമണത്തില്‍ ഞെട്ടലില്ലെന്നും ഈ സംഘര്‍ഷത്തിന് ദീർഘകാലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇറാന്‍ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.
ഖത്തറിലെ അല്‍ ഉദൈദ് എയര്‍ബേസ്, കുവൈത്തിലെ അല്‍ സലീം എയര്‍ ബേസ്, യുഎഇയിലെ അല്‍ ദാഫ്ര എയര്‍ബേസ്, ബഹറൈനിലെ യു.എസ് നേവിയുടെ അഞ്ചാം കപ്പല്‍പട എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്റെ വാര്‍ത്ത ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇസ്രയേല്‍ ഇറാനില്‍ ആക്രമണം തുടരുകയാണ്. ഇറാന്റെന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഉര്‍മിയയില്‍ സ്‌ഫോടന ശബ്ദം കേട്ടു. ഇസ്രേയല്‍ സേന ആക്രമണം നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണിത്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള എല്ലാ താമസക്കാര്‍ക്കും ഇസ്രായേല്‍ സൈനിക വക്താവ് ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് നല്‍കി.
ഖത്തര്‍ വ്യോമപാത അടച്ചതിന് പിന്നാലെ ഖത്തര്‍ എയര്‍വേസ് വിമാനസര്‍വീസുകള്‍ നിര്‍ത്തി. ഖത്തര്‍, കുവൈത്ത്, ബഹറൈന്‍, യുഎഇ, ഒമാന്‍, ലെബനന്‍, സിറിയ, ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ തുര്‍ക്കിഷ് എയര്‍ലൈന്‍സും റദ്ദാക്കി. യുദ്ധ ഭീതി ഉയര്‍ന്നതോടെ പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ പല വിമാനകമ്പനികളും നേരത്തെ നിര്‍ത്തിയിരുന്നു. വിസ് എയര്‍ ദുബായിലേക്കും അബുദാബിയിലേക്കും ജോര്‍ദാനിലെ അമ്മാനിലേക്കുമുള്ള സര്‍വീസുകള്‍ ഏഴുവരെ നിര്‍ത്തി. ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ രണ്ടു ദിവസത്തേക്ക് ദുബായ്, ടെല്‍ അവീവ്, ബെയ്‌റൂട്ട്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തില്ല. റഷ്യ, കുവൈത്ത് എന്നിവ ഇറാനിലേക്കുള്ള സര്‍വീസ് നിര്‍ത്തി. ഇസ്രയേല്‍ വ്യോമാതിര്‍ത്തി അടയ്ക്കുകയും സിവിലിയന്‍ വിമാനങ്ങളെ വിലക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button