നെതന്യാഹുവിനെ വേട്ടയാടി കൊല്ലുമെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ്
തെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഇറാൻ റെവല്യൂഷനറി ഗാർഡ്സിന്റെ വധഭീഷണി. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഔദ്യോഗിക വെബ്സൈറ്റായ ‘സെപാ ന്യൂസ്’ വഴി ഗാർഡ്സ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. “കുട്ടികളെ കൊന്നൊടുക്കുന്ന ഈ ക്രിമിനൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം, ഞങ്ങൾ അവനെ പിന്തുടരുകയും പൂർണ ശക്തിയോടെ വധിക്കുകയും ചെയ്യും,” എന്നാണ് റെവല്യൂഷനറി ഗാർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങൾക്കു നേരെ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് മേഖലയിലെ യു.എസ് കേന്ദ്രങ്ങളെയും ഇസ്രായേലിനെയും ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണങ്ങളും തുടരുന്നു. നിലവിലെ സാഹചര്യത്തിൽ ഇരുപക്ഷവും വിട്ടുവീഴ്ചക്ക് ക്യാറാകാത്തത് മേഖലയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.





